സൗദി: മദീനയിൽ പ്രവാചക പള്ളിയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യറായിരുന്നു സലിം. ഖത്തറിലുള്ള മകൻ ഡോ മുഹമ്മദ് ഹുസൈന്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ സലിം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കുകയായിരുന്നു.
തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ സലിമിനെ ബന്ധുക്കളും മറ്റും ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിൽ കഴിയുന്നതിനിടയിലാണ് മരണം.