ദുബായ്: എയര്‍ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് മലയാളി യാത്രികന്‍. മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ലഗേജാണ് നഷ്ടമായത്. ഇന്നലെ ഉച്ചയോടെ ദുബായില്‍ എത്തിയപ്പോഴാണ് മെന്റലിസം ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബാഗ് കാണാതായത്.
ഇന്നലെ രാവിലെ 11ന് ആണ് കൊച്ചിയില്‍ നിന്ന് ദുബായിക്ക് എഐ 933 വിമാനം യാത്രതിരിച്ചത്. കൊച്ചിയില്‍ നിന്ന് ബാഗ് വിമാനത്തില്‍ കയറ്റിവിട്ടെന്നാണ് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസ് അറിയിക്കുന്നത്. കൊച്ചിയില്‍ നിന്ന് ബാഗ് അയച്ചതിന്റെ രസീത് കാണിച്ചിട്ടും ഇവിടെയത്തിയ വിമാനത്തില്‍ അങ്ങനെയൊരു ലഗേജ് ഇല്ലെന്നാണ് ദുബായ് എയര്‍ ഇന്ത്യ ഓഫീസിന്റെ മറുപടി.
ഇന്നലെ ഉച്ചയ്ക്ക് യുഎഇ സമയം 1.20ന് ദുബായില്‍ വിമാനമിറങ്ങിയത്. സ്റ്റേജ് ഷോകള്‍ക്ക് ഉപയോഗിക്കുന്ന സാധാനങ്ങള്‍ കിട്ടാതെ വന്നതോടെ ഇവിടെയത്തിയ ഫാസിലും പ്രതിസന്ധിയിലായി. നിലമ്പൂര്‍ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാനാണ് ഇവിടെയത്തിയത്. പരിപാടി മുടങ്ങുകയും ചെയ്തു.
കൊച്ചിയില്‍ നേരിട്ട് സ്‌കാന്‍ ചെയ്ത് എയര്‍ ഇന്ത്യ സ്റ്റാഫിന് ബാഗ് കൈമാറിയതായി ഫാസില്‍ പറയുന്നു. സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കള്‍ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ്) വഴിയാണ് ബാഗ് കയറ്റിവിട്ടത്.
സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയില്‍ അമേരിക്കയില്‍ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ബാഗിലെ വസ്തുക്കള്‍. സംഗീതോപകരണങ്ങള്‍ കൊണ്ടുവരുന്നതുപോലെ പ്രത്യേക ബോക്‌സില്‍ അടച്ചാണ് ഒഒജി വഴി കയറ്റി അയച്ചത്. ഇതിന് മുന്‍പ് പത്തിലേറെ തവണയെങ്കിലും യുഎഇയിലേക്ക് മാത്രം പരിപാടിക്കായുള്ള വസ്തുക്കളുമായി എത്തിയിട്ടുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഫാസില്‍ പറഞ്ഞു.
നഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടാത്തിനാല്‍ ഈ മാസം 21ന് നാട്ടിലും അടുത്തമാസം ഒമാനിലും നിശ്ചയിച്ച സ്‌റ്റേജ് ഷോകളുടെ കാര്യവും അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തില്‍ നിന്ന് മറ്റാരെങ്കിലും ബാഗ് മാറിയെടുത്തതായിരിക്കാമെന്നാണ് ഫാസില്‍ സംശയിക്കുന്നത്. ലഗേജ് കയറ്റിവിട്ടവിമാനം മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതരും ആവര്‍ത്തിക്കുന്നു.