Sports

കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്തത്; സൂപ്പർ കപ്പിൽ ഇനി സെമിഫൈനലിൽ എത്താൻ സാധിക്കില്ല

Published

on

കലിംഗ സൂപ്പർ കപ്പിലെ (Kalinga Super Cup) രണ്ടാമത് മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters FC) തോൽവി. കിടിലൻ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ തോൽവി. നിലവിലെ ഫോമിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിക്കുന്ന മത്സരഫലമാണിത്. ജംഷദ്പുർ എഫ്സിക്കായി ചീമ ഇരട്ട ഗോളുകൾ നേടിയപ്പോൾ, മൻസോറൊ ഒരു ഗോൾ സ്കോർ ചെയ്തു. പെനാൽറ്റിയിൽ നിന്ന് ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത്.

ഈ തോൽവിയോടെ ഗ്രൂപ്പ് ബിയിൽ കേരളം രണ്ടാമതായി. രണ്ട് കളികളിലും ജയം നേടിയ ജംഷദ്പുർ എഫ്സിയാണ് ഗ്രൂപ്പിൽ ഒന്നാമത്. നിലവിൽ സൂപ്പർ കപ്പിൽ കേരള‌ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകളും അവസാനിച്ചു. അവസാന കളിയിൽ ജയിച്ചാലും ടീമിന് ഇനി അവസാന നാലിൽ എത്താൻ സാധിക്കില്ല.

കലിംഗ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ഇരുപത്തിയൊൻപതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി‌. പെനാൽറ്റിയിൽ നിന്ന് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസാണ് ഗോൾ നേടിയത്. ബോക്സിനുള്ളിൽ ഡൈസുകെ സകായെ വീഴ്ത്തിയതി‌നായിരുന്നു ഈ പെനാൽറ്റി. കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പക്ഷേ അധിക സമയം നീ‌ണ്ടു ‌നിന്നില്ല. മുപ്പത്തിമൂന്നാം മിനിറ്റിൽ ചീമയിലൂടെ ജംഷദ്പുർ സമനില പിടിച്ചു. സമനില ഗോൾ നേടിയതിന് ശേഷം ജംഷദ്പുർ മികച്ച കളി കെട്ടഴിച്ചെങ്കിലും ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ജംഷദ്പുർ ലീഡെടുത്തു. അൻപത്തിയേഴാം മിനിറ്റിൽ ചീമയായിരുന്നു‌ ഗോൾ നേടിയത്. അറുപതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി. ഇക്കുറിയും കിക്കെടുത്ത ഡയമാന്റകോസിന് പിഴച്ചില്ല. കളി വീണ്ടും സമനിലയിൽ 2-2. കളി ചൂടുപിടിച്ച് മുന്നോട്ടു പോകവെ വീണ്ടും ട്വിസ്റ്റ്. ബോക്സിനുള്ളിൽ ലെസ്കോവിച്ച് എതിർ താരത്തെ വീഴ്ത്തിയതിന് ജംഷദ്പുർ എഫ്സിക്ക് അനുകൂലമായി പെനാൽറ്റി. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും നൽകാതെ മൻസോറോയുടെ കിക്ക് വലയിൽ. ജംഷദ്പുർ വീണ്ടും മുന്നിൽ 3-2. ആരാധകരെ അമ്പേ നിരാശപ്പെടുത്തുന്ന കളിയാണ് ജംഷദ്പുരിനെതിരെ മഞ്ഞപ്പട കാഴ്ചവെച്ചത്.

അതേ സമയം ഷില്ലോങ്ങ് ലജോങ്ങിനെതിരായ ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഒരു പ്രധാന മാറ്റം വരുത്തിയാണ് കേരള ‌ബ്ലാസ്റ്റേഴ്സ് ജംഷദ്പുർ എഫ്സിക്കെതിരെ ഇറങ്ങിയത്. ക്രൊയേഷ്യൻ താരം മാർലോ‌ ലെസ്കോവിച്ച് സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയപ്പോൾ, ഹോർമിപാം റൂയിവ പുറത്തായി. ടീമിലേക്ക് മടങ്ങിയെത്തിയ ലെസ്കോയാണ് മഞ്ഞപ്പടയെ നയിച്ചതും. സച്ചിൻ സുരേഷ് തന്നെയായിരുന്നു‌ ഗോൾവല കാത്തത്. പ്രതിരോധത്തിൽ ലെസ്കോയ്ക്ക് പുറമെ മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, നവോച്ച സിങ് എന്നിവർ അണിനിരന്നു. മധ്യനിരയിൽ മലയാളി താരങ്ങളായ മൊഹമ്മദ് അസർ, മൊഹമ്മദ് ഐമൻ എന്നിവർക്ക് പുറമെ ഡാനിഷ് ഫാറൂഖും, ജാപ്പനീസ് താരം ഡൈസുകെ സകായുമാണ് അണിനിരന്നത്. മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമാന്റകോസ്-ക്വാമെ പെപ്ര ജോഡി ഇറങ്ങി‌.

അതേ സമയം ജയത്തോടെ രണ്ട് കളികളിൽ ആറ് പോയിന്റായ ജംഷദ്പുർ എഫ്സി കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റുള്ള‌ മഞ്ഞപ്പട രണ്ടാമതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി മഞ്ഞപ്പടയ്ക്ക് അവശേഷിക്കുന്നുണ്ട്. ഈ മാസം 20 ന് നടക്കാനിരിക്കുന്ന ഈ മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ഗ്രൂപ്പിലെ ചാമ്പ്യ‌മാരാണ് സെമിഫൈനലിലേക്ക് പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version