ദോഹ: മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി (35)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്.
സ്വകാര്യ ടൈപ്പിങ് സെന്ററിലായിരുന്നു ജോലി. നേരത്തെ, ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു നൗഫൽ.
സീനത്ത് ആണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹനൂൻ (മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് ഹഫിയ്യ് (അൽ ബിർ സ്കൂൾ വേങ്ങര), ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരാണ് പിതാവ്. മാതാവ് ആയിശ. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.