കുവൈറ്റ് സിറ്റി: ആറുനില കെട്ടിടത്തിൽ നിന്ന് പ്രാണരക്ഷാർഥം താഴേക്ക് ചാടിയും പുക ശ്വസിച്ചുമാണ് കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും. കെട്ടിടത്തിൽ തീപടരുമ്പോൾ തൊഴിലാളികളിൽ പലരും ഉറക്കത്തിലായിരുന്നു. തീയും പുകയും കെട്ടിടത്തിൽ വ്യാപിച്ചതോടെയാണ് തൊഴിലാളികൾ ഉണർന്നതും രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതും.
ബുധനാഴ്ച പുലർച്ചെ തെക്കൻ കുവൈറ്റിൽ തൊഴിലാളികൾ താമസിക്കുന്ന മംഗഫ് നഗരത്തിലെ കെട്ടിടത്തിൽ തീ പടരുകയായിരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഗ്രൂപ്പായ എൻബിടിസിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എൻബിടിസി. തൊഴിലാളികളെ പാർപ്പിക്കാൻ കമ്പനി കെട്ടിടം വാടകയ്ക്ക് എടുക്കുകയായിരുന്നു.
പ്രാദേശിക സമയം പുലർച്ചെ 4:30ന് താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. തീ വ്യാപിച്ചതോടെ കെട്ടിടത്തിലാകെ പുക നിറഞ്ഞു. ഉറക്കത്തിലായിരുന്നതിനാൽ പലരും തീ പടരുന്ന വിവരം അറിഞ്ഞിരുന്നില്ല. പുക വ്യാപിച്ചതോടെയാണ് തീ പടർന്ന വിവരമറിയുന്നത്.
താഴത്തെ നിലയിൽ തീ പടർന്നതോടെ പലരും മുകൾ നിലയിലേക്ക് ഓടിക്കയറി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ പുക ശക്തമായി. ഇതോടെ ആളുകൾക്ക് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ ഇല്ലാതായി. ഇതോടെ പലരും പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. അഞ്ചാം നിലയിൽ നിന്നാണ് കൂടുതലാളുകൾ ചാടിയത്. ഇവരിൽ പലർക്കും ജീവൻ നഷ്ടമായി. കെട്ടിടത്തിൽ കുടുങ്ങിയവരിൽ പലരും പുക ശ്വസിച്ചാണ് മരിച്ചത്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി അഗ്നിശമന സേന സംഘങ്ങൾ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിൽ 162 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഇന്ത്യൻ എംബസി ഹെല്പ് നമ്പർ (965-65505246) പുറത്തിറക്കി. 195ലധികം തൊഴിലാളികളെ പാർപ്പിക്കാനാണ് എൻബിടിസി കെട്ടിടം വാടകയ്ക്ക് എടുത്തത്.