Gulf

സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ

Published

on

ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ. തൊഴില്‍ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി അംഗീകാരം നല്‍കി.

തൊഴിലാളിയുടെയോ തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെയോ പാസ്പോര്‍ട്ട് തൊഴിലുടമ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന നിയമം നേരത്തേ തന്നെ നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അതിന്റെ ഉടമയുടെ വ്യക്തിപരമായ പ്രമാണവും യാത്രാരേഖയുമാണ് എന്നതിനാല്‍ അത് അനുവദിച്ച രാജ്യത്തിന് മാത്രമാണ് പിടിച്ചെടുക്കാന്‍ അനുവാദമുള്ളത്.

വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളിയെ ജോലിക്കു വെച്ചാല്‍ 10,000 റിയാല്‍ പിഴയാണ് പരിഷ്‌കരിച്ച പട്ടികയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓരോ തൊഴിലാളിയുടെയും പേരില്‍ ഈ തുക തൊഴിലുടമയില്‍ നിന്ന് ഈടാക്കും.

സ്വദേശിവത്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഓരോ വിദേശിക്കും 2,000 റിയാല്‍, 4,000 റിയാല്‍, 8,000 റിയാല്‍ എന്നിങ്ങനെയാണ് പിഴ. സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ചാണ് ഈ മാറ്റം. വിസകള്‍ ലഭിക്കാനും മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും വ്യാജ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഓരോ വിസക്കും സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ഓരോ തൊഴിലാളിക്കും 1,000 റിയാല്‍, 2,000 റിയാല്‍, 3,000 റിയാല്‍ എന്നിങ്ങിനെ സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തും.

പ്രൊഫഷന് വിരുദ്ധമായ ജോലിയില്‍ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 300 റിയാല്‍, 500 റിയാല്‍, 1,000 റിയാല്‍ എന്നിങ്ങനെയും പതിനഞ്ചില്‍ കുറവ് പ്രായമുള്ള കുട്ടികളെ ജോലിക്കു വെക്കുന്നതിന് 1,000 റിയാല്‍, 1,500 റിയാല്‍, 2,000 റിയാല്‍ എന്നിങ്ങനെയും പിഴ ലഭിക്കും.

നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിക്കാത്തതിന് നിശ്ചിത ശതമാനത്തില്‍ കൂടുതലുള്ള ഓരോ വിദേശ തൊഴിലാളിക്കും ചെറുകിട സ്ഥാപനങ്ങള്‍ക്ക് 2,000 റിയാലും ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 4,000 റിയാലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് 6,000 റിയാലും തോതില്‍ പിഴയാണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version