Sports

പ്രതിസന്ധികൾക്ക് തകർക്കാൻ കഴിയാത്ത പോരാളി; യുവരാജ് സിംഗിന് 42-ാം പിറന്നാൾ

Published

on

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്‍കിയ ഓൾ റൗണ്ടർ, ലോകകപ്പ് വിജയത്തിനായി ക്യാന്‍സറിനോട് പടപൊരുതി കളിക്കളത്തില്‍ തുടര്‍ന്ന പോരാളി, പഞ്ചാബിലെ ചണ്ഡിഗണ്ഡില്‍ നിന്നുള്ള ആ ഇടം കയ്യന്‍ താരത്തിന് യുവരാജ് സിംഗ് എന്നാണ് പേര്. 28 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഹീറോയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. തന്റെ പിതാവ് യോഗരാജ് സിംഗിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആഗ്രഹമാണ് യുവരാജിലൂടെ സാഫല്യമായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോഗരാജ് സിംഗിന് കഴിഞ്ഞില്ല.

എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്‌വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്‌സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ദ്ധ സെഞ്ചുറി എല്ലാം യുവരാജ് സിംഗിന്റെ സംഭാവനകളായിരുന്നു. ബാറ്റിം​ഗിൽ മാത്രമല്ല നിർണായ ബ്രേയ്ക് ത്രൂകൾ നൽകുന്ന ബൗളർ, ഇന്ത്യൻ ക്രിക്കറ്റ് ആരാധനകർക്ക് ആവേശമായി ഫീൽഡിം​ഗ് പ്രകടനങ്ങൾ എന്നിവയും യുവരാജിന്റെ സംഭാവനകളായിരുന്നു.

വിരേന്ദര്‍ സേവാഗ് കഴിഞ്ഞാല്‍ അന്നത്തെ ഇന്ത്യന്‍ നിരയില്‍ ഇത്ര ആക്രമണ ബാറ്റിംഗ് നടത്തിയ മറ്റൊരു താരമുണ്ടായിരുന്നില്ല. 17 വര്‍ഷം നീണ്ട കരിയറില്‍ പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു മികച്ച താരമാകന്‍ യുവരാജിന് സാധിച്ചില്ല. ആകെ 40 ടെസ്റ്റുകള്‍ മാത്രമാണ് യുവരാജ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ടീം ബാറ്റിം​ഗ് തകര്‍ച്ച നേരിടുമ്പോഴും ബാറ്റിംഗ് വിസ്‌ഫോടനം നടത്താന്‍ യുവരാജ് ഭയപ്പെട്ടിരുന്നില്ല. കരിയറില്‍ യുവരാജിനെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്‌നം സ്പിന്‍ ബൗളിംഗിനെ നേരിടാന്‍ ദൗര്‍ബല്യം ഉണ്ടായിരുന്നുവെന്നതാണ്. 300ലധികം ഏകദിനങ്ങള്‍ കളിച്ച യുവരാജ് 40 ടെസ്റ്റ് മത്സരങ്ങളിലേക്ക് ചുരുങ്ങിയതിന്റെ പ്രധാന കാരണം സ്പിന്നിനെ നേരിടാനുള്ള ബുദ്ധിമുട്ടാണ്. എന്നിട്ടും ഇത്രയധികം വലിയ കരിയര്‍ യുവരാജിന് ഉണ്ടായിരുന്നുവെന്നത് അത്ഭുതകരമാണ്.

2011ലെ ലോകകപ്പില്‍ യുവരാജ് 362 റണ്‍സും 15 വിക്കറ്റുകളും നേടി. 1983ലെ ലോകകപ്പ് ഹീറോ കപില്‍ ദേവിന് ശേഷം ഇത്ര മികച്ച ഒരു ഓൾ റൗണ്ട് പ്രകടനം ഇന്ത്യയ്ക്കായി അന്നുവരെ ആരും ലോകകപ്പിൽ നടത്തിയിട്ടുണ്ടാവില്ല. 2011ല്‍ ലോകകപ്പ് ഹീറോയായ യുവരാജിന്റെ കരിയറില്‍ തിരിച്ചടികള്‍ തുടങ്ങുന്നതും അതേ വര്‍ഷമാണ്. ലോകകപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ യുവരാജ് പലവട്ടം വെള്ളം കുടിക്കുന്നു. ഗ്രൗണ്ടില്‍ വല്ലാതെ അണയ്ക്കുന്നു. ലോകകപ്പിനിടെ യുവരാജ് രക്തം ഛര്‍ദിച്ചിരുന്നതായും വാര്‍ത്ത പുറത്തുവന്നു. ലോകകപ്പ് വിജയത്തിന് ശേഷം ആ സത്യം പുറത്തുവന്നു. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണ് കാന്‍സര്‍ വളര്‍ന്നുകൊണ്ടിരുന്നത്.

ക്യാന്‍സറിനെ തോല്‍പ്പിച്ചു വന്ന യുവരാജിന് പക്ഷേ ക്രിക്കറ്റിനെ വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയാന്‍ കഴിയും. ബാറ്റിം​ഗ് സാങ്കേതികത്വം ദുര്‍ബലമായി. 2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ യുവരാജ് നേടിയത് 21 പന്തില്‍ 11 റണ്‍സ് മാത്രമാണ്. അര്‍ഹിച്ച ഒരു ലോകകിരീടം ഇന്ത്യയ്ക്ക് നഷ്ടമായി. ടീമിന് അകത്തും പുറത്തുമായി യുവരാജ് പിന്നീടുള്ള കാലം കഴിച്ചു. പക്ഷേ യുവരാജിലെ പ്രതിഭയെ പിന്നീട് അധികമൊന്നും കാണാന്‍ കഴിഞ്ഞില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ യുവരാജ് അവസാനമായി നീലക്കുപ്പായം അണിഞ്ഞു. തിരിച്ചുവരാനുള്ള ബാല്യം ഇല്ലെന്ന് മനസിലായതോടെ യുവരാജ് വിരമിച്ചു. ഇന്ത്യൻ ടീമിൽ യുവരാജ് അവസാന മത്സരം കളിച്ചിട്ട് ആറ് വര്‍ഷം പിന്നിടുന്നു. യുവരാജിന് പകരക്കാരനായി പ്രത്യേകിച്ച് നാലാം നമ്പറില്‍ കളിക്കാന്‍ ഒരു താരത്തെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version