Gulf

സൗദിയില്‍ ഉംറ കഴിഞ്ഞ് മടങ്ങവെ അഞ്ചംഗ കുടുംബം കാറപകടത്തില്‍ മരിച്ചു

Published

on

മക്ക: സൗദി അറേബ്യയില്‍ ഉംറ നിര്‍വഹിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. ഗൃഹനാഥനും നാല് മക്കളും അപകടത്തില്‍ മരിച്ചപ്പോള്‍ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. ജോര്‍ദാന്‍ സ്വദേശിയും നാല് കുട്ടികളുമാണ് മരിച്ചത്.

ഉംറ നിര്‍വഹിച്ച് യുഎഇയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. സൗദി അറേബ്യയിലെ മക്കയ്ക്കും റിയാദിനും ഇടയിലുള്ള ഹൈവേയിലാണ് അപകടം. ഗൃഹനാഥനും മുഴുവന്‍ മക്കളും സംഭവസ്ഥലത്തു തന്നെ മരിച്ചപ്പോള്‍ മാതാവ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാലിക് ഖോര്‍മയും മക്കളായ അക്രം, മായ, ദന, ദീമ എന്നിവരാണ് കൊല്ലപ്പെട്ടത്.

അപകടം കാരണം എന്താണെന്ന് വ്യക്തമല്ല. ഏത് സമയത്താണ് അപകടം എന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉംറയുടെ പുണ്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്റെ സഹോദരിയുടെ കുടുംബം ദൈവത്തിന്റെ വിളിക്ക് ഉത്തരംനല്‍കി യാത്രയായെന്ന് മാലിക് ഖോര്‍മയുടെ ഭാര്യാ സഹോദരി ഫേസ്ബുക്കില്‍ കുറിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സഹോദരിക്ക് ആരോഗ്യം വീണ്ടെടുക്കാനും ഉറ്റവരുടെ വേര്‍പാടില്‍ ക്ഷമ അവലംബിക്കാനും കഴിയട്ടെയെന്നും അവര്‍ കുറിച്ചു.

മാലിക് ഖോര്‍മയും നാല് കുട്ടികളും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായി സൗദി അറേബ്യയിലെ വടക്കന്‍ മേഖലയിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതം ഖത്താബ് ജോര്‍ദാന്‍ മാധ്യമങ്ങളെ അറിയിച്ചു. മാലിക് ഖോര്‍മയുടെ ഭാര്യ മുന ഖോര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സുഖംപ്രാപിച്ചുവരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അടിയന്തര ചികിത്സയ്ക്കായി ഇവരെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജോര്‍ദാനിലെയും സൗദി അറേബ്യയിലെയും അധികാരികളുമായി ചേര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജോര്‍ദാന്‍ എംബസി ചെയ്തുവരികയാണ്.

ഉംറ കഴിഞ്ഞ് മടങ്ങവെ ആറംഗ മലയാളി കുടുംബം മക്കയുടെ സമീപ നഗരമായ ത്വാഇഫില്‍ ഈ മാസം വാഹനാപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങല്‍ സാജിത (55) മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സൗദിയിലെ ബുറൈദയ്ക്ക് അടുത്തുള്ള ബുഖൈരിയയില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദലിയും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ മാതാവ്, പിതാവ്, മകന്‍, സഹോദരി, മാതൃസഹോദരി എന്നിവരാണ് ഉംറ കഴിഞ്ഞ് മടങ്ങവെ അപകടത്തില്‍ പെട്ടത്. മരിച്ച ആലുങ്ങല്‍ സാജിത മുഹമ്മദലിയുടെ മാതൃസഹോദരിയാണ്.

ബുറൈദയ്ക്ക് അടുത്തുള്ള ബുഖൈരിയയില്‍ നിന്നാണ് ഇവര്‍ ഉംറക്ക് പുറപ്പെട്ടത്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുപോകുന്നതിനിടെ ത്വാഇഫ്-റിയാദ് പാതയില്‍ ളുലും എന്ന സ്ഥലത്തുവച്ചാണ് അപകടം. അമിത വേഗതയിലെത്തിയ കുവൈറ്റ് പൗരന്റെ കാര്‍ ഇവരുടെ വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കുവൈത്തി പൗരന്റെ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരും ഉംറ കഴിഞ്ഞ് മക്കയില്‍ നിന്ന് മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version