Gulf

സൗദിയില്‍ നഴ്‌സിനെ കടന്നുപിടിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്

Published

on

അബഹ: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്‌സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതി സിറിയന്‍ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിക്കുകയും മാധ്യമങ്ങളില്‍ പ്രതിയുടെ പേര് പരസ്യപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തതായി സൗദിയിലെ ഒകാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഫിലിപ്പിനോ നഴ്‌സ് ആണ് പരാതി നല്‍കിയിരുന്നത്. പരാതിക്കാരിയുടെ ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തത്.

വിചാരണാ കോടതി ഒരു വര്‍ഷം തടവും 5,000 റിയാല്‍ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഇത് ചോദ്യംചെയ്ത് പ്രോസിക്യൂട്ടര്‍മാര്‍ മേല്‍ക്കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി ഡോക്ടര്‍ക്കെതിരായ ശിക്ഷ അപര്യാപ്തമാണെന്ന് വിലയിരുത്തി തടവ് അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു.

താന്‍ തമാശ പറയുകയായിരുന്നുവെന്ന് കാണിച്ച് ക്ഷമാപണം നടത്തി ഡോക്ടര്‍ പിന്നീട് മൊബൈല്‍ ഫോണിലൂടെ തനിക്ക് സന്ദേശം അയച്ചിരുന്നു. പരാതിക്കൊപ്പം സന്ദേശത്തിന്റെ പകര്‍പ്പും തെളിവായി ഹാജരാക്കി. ഡോക്ടര്‍ നേരത്തെ തന്നെ വാക്കാല്‍ ശല്യം ചെയ്തിരുന്നതായും രാത്രി വീട്ടില്‍ തന്നോടൊപ്പം ചെലവഴിക്കാന്‍ 1,000 റിയാല്‍ വാഗ്ദാനം ചെയ്തതായും നഴ്‌സ് കോടതിയെ അറിയിച്ചു.

എന്നാല്‍ നഴ്‌സിനെ പീഡിപ്പിച്ചെന്ന കുറ്റം നിഷേധിച്ച പ്രതി സന്ദേശം അയച്ച കാര്യം സമ്മതിക്കുകയും താന്‍ തമാശ പറയുകയായിരുന്നുവെന്ന് കോടതിയില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version