Gulf

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കി ദുബായിലെ 9 വയസ്സുള്ള ഇന്ത്യന്‍ വംശജന്‍

Published

on

ദുബായ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എല്‍ബ്രസ് കീഴടക്കി ദുബായിലെ ഇന്ത്യന്‍ വംശജനായ ഒമ്പതുവയസ്സുകാരന്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മംഗളൂരു സ്വദേശിയായ അയാന്‍ സബൂര്‍ മെന്‍ഡന്‍ ആണ് ഈ കൊച്ചു പര്‍വതാരോഹകന്‍. ദുബായിലെ നോര്‍ത്ത് ലണ്ടന്‍ കൊളീജിയറ്റ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പിതാവ് സബൂര്‍ അഹമ്മദ്, അമ്മ വാണി മെന്‍ഡന്‍ എന്നിവരോടൊപ്പം ജൂണില്‍ അയാന്‍ എല്‍ബ്രസ് പര്‍വതത്തിലെത്തി. എട്ട് ദിവസം കൊണ്ട് എത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അഞ്ച് ദിവസത്തിനുള്ളില്‍ 5,642 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി.

റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സ് പര്‍വതത്തിലേക്കുള്ള പിതാവിന്റെ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ അയാന്‍ മലകയറ്റം പരിശീലിച്ചുവരികയാണ്. 2022 ഓഗസ്റ്റില്‍ അയാന്‍ കിളിമഞ്ചാരോ പര്‍വതത്തിന്റെ 5,895 മീറ്റര്‍ ഉയരം താണ്ടി. കഴിഞ്ഞ ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ കോസ്‌സിയൂസ്‌കോ പര്‍വതത്തിലും കയറി.

ഒക്ടോബറില്‍ നേപ്പാളിലെ ഐലന്‍ഡ് പീക്ക് കയറുകയാണ് അയാന്റെ അടുത്ത ലക്ഷ്യം. ഡിസംബറില്‍ അര്‍ജന്റീനയിലെ 6,961 മീറ്ററുള്ള മൗണ്ട് അക്കോണ്‍കാഗ്വ കയറും. ട്രെഡ്മില്ലില്‍ ഓട്ടം, കനത്ത ഭാരങ്ങള്‍ കെട്ടിയുള്ള നടത്തം, സ്ലെഡ് പുഷ്അപ്പുകള്‍, ഹര്‍ഡില്‍ പരിശീലനം തുടങ്ങി കഠിനവ്യായാമങ്ങള്‍ സ്ഥിരമായി ചെയ്തുവരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് കീഴടക്കുക എന്നതാണ് അയാന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version