റിയാദ്: സൗദി അറേബ്യയില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ മര്‍ജോറെറ്റ് ഗാര്‍സിയ ആണ് കൊല്ലപ്പെട്ടത്. ഫിലിപ്പീന്‍സും സൗദി അധികൃതരും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരി കൊല്ലപ്പെട്ടതായി ഇന്നലെ സൗദി ഡിപാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് (ഡിഎംഡബ്യു) സ്ഥിരീകരിച്ചു. മര്‍ജോറെറ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുമെന്നും അറിയിച്ചു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമോ മരണകാരണമോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
തൊഴില്‍ കരാര്‍ അവസാനിച്ചതിനാല്‍ ഈ മാസം നാട്ടിലേക്ക് പോകാനിരുന്ന വീട്ടുജോലിക്കാരിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേസന്വേഷണം പുരോഗമിക്കുകയാണ്. നീതി ലഭ്യമാക്കാനും കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞത് സെപ്റ്റംബര്‍ 14നാണ് മര്‍ജോറെറ്റ് അവസാനമായി സ്വന്തം കുടുംബവുമായി സംസാരിച്ചതെന്ന് സഹോദരിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സന്തോഷവതിയാണെന്നാണ് അപ്പോള്‍ തോന്നിയതെന്നും അവര്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം മുതലാണ് അവളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് അവളുടെ സുഹൃത്തുക്കളോട് തിരക്കുകയും സോഷ്യല്‍ മീഡിയ വഴി അന്വേഷണത്തിന് ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് കുടുംബത്തെ തേടി ദുരന്തവാര്‍ത്തയെത്തിയത്. മര്‍ജോറെറ്റ് മോര്‍ച്ചറിയിലാണെന്ന് സെപ്തംബര്‍ 27ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും കുത്തേറ്റു മരിച്ചു എന്നതിനപ്പുറം എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.