ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA ദുബായ്), യു.എ.ഇ. മീഡിയാ കൗൺസിലുമായി സഹകരിച്ച്, രാജ്യത്തെ ‘പുതിയ മീഡിയാ സിസ്റ്റം’ എന്ന വിഷയത്തിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ജി ഡി ആർ എഫ് എ -യുടെ മുഖ്യ ആസ്ഥാനത്തെ ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ചായിരുന്നു പരിപാടി.മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചും യു.എ.ഇ. നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുള്ള- അവബോധം നൽകുന്നതിന്റെ ഭാഗമായിരുന്നു ശില്പശാല നടന്നത്. സ്ഥാപനപരമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലും പങ്കാളികളിലും നല്ല രീതിയിൽ പ്രതിഫലിക്കുന്ന സന്ദേശങ്ങൾ നൽകുന്നതിനും പരിപാടി ലക്ഷ്യമിട്ടു.
ചടങ്ങിൽ ജി ഡി ആർ എഫ് എ – ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി,ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സി.ഇ.ഒ. അബ്ദുള്ള ബിൻ ദൽമൂക്ക്, യുഎഇ മീഡിയ കൗൺസിലിന്റെ ഉന്നത പ്രതിനിധികൾ,എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലെ വിവിധ മേധാവികൾ, ജീവനക്കാർ അടക്കം നിരവധിപേർ പരിപാടിയിൽ സംബന്ധിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പ്രതിച്ഛായയും പൊതുജന വിശ്വാസവും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു തന്ത്രപ്രധാനമായ ഒരു മാർഗമായി മാധ്യമങ്ങളുടെ പ്രാധാന്യം ഈ പരിപാടി അടിവരയിട്ടു. യു.എ.ഇ. മീഡിയാ റെഗുലേഷൻ നിയമവും അതിലെ പ്രധാന വ്യവസ്ഥകളും, വിശ്വാസ്യതയും പ്രൊഫഷണലിസവും സ്ഥാപനങ്ങളിൽ പൊതുജന വിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളും ശില്പശാലയിലെ പ്രധാന ചർച്ചാ വിഷയങ്ങളായി.
ഏത് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ കൃത്യത ഉറപ്പാക്കേണ്ടത് ഏറ്റവും സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.യു.എ.ഇയുടെയും അവിടുത്തെ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പ്രതിച്ഛായ എന്നത് നിസാരമായി കാണാൻ കഴിയാത്ത ഒരു ദേശീയഉത്തരവാദിത്തമാണെന്നും,പ്രത്യേകിച്ച് ലോകത്തോടുള്ള രാജ്യത്തിന്റെ തുറന്ന സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പുതിയ മാധ്യമ സംവിധാനം എല്ലാത്തരം മാധ്യമ പ്രവർത്തനങ്ങൾക്കും, സോഷ്യൽ മീഡിയ പരസ്യങ്ങൾ ഉൾപ്പെടെ, പ്രാഥമിക റഫറൻസായി വർത്തിക്കും,”
.പുതിയ മാധ്യമ സംവിധാനത്തെക്കുറിച്ച് യു.എ.ഇ. മീഡിയാ കൗൺസിലുമായി സഹകരിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം ജി ഡി ആർ എഫ് ദുബായ് ആണെന്നും ഇത് ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യു.എ.ഇ. മീഡിയാ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയാ പോളിസി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മൈത അൽ സുവൈദി, യു.എ.ഇയുടെ മാധ്യമ മേഖലയുടെ പരിണാമത്തിൽ പുതിയ മാധ്യമ സംവിധാനം ഒരു നിർണ്ണായക മാറ്റമാണെന്നും, ഇത് ഡിജിറ്റൽ മുന്നേറ്റങ്ങളുമായി മുന്നോട്ട് പോകുകയും വികസന പങ്കാളിയായും ദേശീയ സമ്പദ്വ്യവസ്ഥയുടെ ഒരു ചാലകമായി മാധ്യമങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.”മാധ്യമങ്ങൾ പരമ്പരാഗത സ്ഥാപനങ്ങളിൽ ഒതുങ്ങുന്നില്ല; അത് ഇപ്പോൾ ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.അതുകൊണ്ടാണ് പുതിയ മാധ്യമ നിയമനിർമ്മാണങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അവബോധം വളർത്തേണ്ടത് അത്യാവശ്യമായിരിക്കുന്നതും അവർ പ്രസ്താവിച്ചു.
2023-ൽ യു.എ.ഇ. മീഡിയാ കൗൺസിൽ സ്ഥാപിതമായതിനുശേഷം രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ ഫലമാണ് നിലവിലെ ചട്ടക്കൂട് എന്ന് അവർ ചൂണ്ടിക്കാട്ടി. മീഡിയാ റെഗുലേഷൻ നിയമം, അതിന്റെ എക്സിക്യൂട്ടീവ് ബൈലോ, മറ്റ് നിരവധി നിയന്ത്രണ തീരുമാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.വഴക്കമുള്ളതും, ഫലപ്രദവും, നിക്ഷേപ സൗഹൃദവുമായ ഒരു മാധ്യമ മേഖല കെട്ടിപ്പടുക്കാനും കഴിവുകൾ ആകർഷിക്കാനുമുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.സ്ഥാപനപരമായ സഹകരണത്തിന്റെയും നിയമനിർമ്മാണ അവബോധത്തിന്റെയും പ്രാധാന്യം അവർ ഓർമിപ്പിച്ചു.കൂടുതൽ സുതാര്യവും സുസ്ഥിരവുമായ മാധ്യമ അന്തരീക്ഷം വളർത്താൻ സഹായിക്കുന്ന ജി ഡി ആർ എഫ് എ ദുബായുടെ ഈ സംരംഭത്തെ ചടങ്ങിൽ പ്രശംസിച്ചു.യു.എ.ഇ. മീഡിയാ കൗൺസിലിലെ മീഡിയാ ലൈസൻസിംഗ് ഡയറക്ടർ ഇബ്രാഹിം ഖാദിമും പരിപാടിയിൽ സംസാരിച്ചു. പുതിയ മാധ്യമ സംവിധാനം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കിട്ട ഉത്തരവാദിത്തത്തിലും പങ്കാളികൾക്കിടയിലുള്ള ഏകോപനത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സുപ്രധാന ശില്പശാലയ്ക്ക് ആതിഥേയത്വം വഹിച്ച ജി ഡി ആർ എഫ് എ -ദുബായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ”
മാധ്യമ വെല്ലുവിളികൾ തിരിച്ചറിയുകയും അവ ഫലപ്രദമായി പരിഹരിക്കുകയുമാണ് ഞങ്ങളുടെ പങ്ക് – പ്രത്യേകിച്ച് വ്യാജവാർത്തകളെ നേരിടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങൾക്കുള്ള വ്യക്തമായ ചട്ടക്കൂട് പുതിയ സംവിധാനം നൽകുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.