അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പ്രവേശനം. എല്ലാ മതങ്ങളിലും പെട്ട ആളുകള്‍ക്കായി ക്ഷേത്ര വാതിലുകള്‍ തുറന്നിരിക്കുന്നു.
തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്തയിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ഉണ്ടാവും. ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ പേര് രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശന സമയം ബുക്ക് ചെയ്യാം.
സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
1. എളിമയുള്ള വസ്ത്രധാരണം: സന്ദര്‍ശകര്‍ അവരുടെ തോളും കാല്‍മുട്ടുകളും മറയുന്ന വസ്ത്രം ധരിക്കണമെന്ന് ക്ഷേത്ര അധികൃതര്‍ നിര്‍ദേശിക്കുന്നു. വസ്ത്രങ്ങളില്‍ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സമുച്ചയത്തിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ സുതാര്യമോ അര്‍ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പ്രവേശനം നിരസിക്കപ്പെട്ടേക്കാം.
2. വളര്‍ത്തുമൃഗങ്ങള്‍: ക്ഷേത്ര സമുച്ചയത്തില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ സന്ദര്‍ശകര്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരരുത്.
3. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. ക്ഷേത്ര നിയമങ്ങള്‍ പ്രകാരമുള്ള ഭക്ഷണം സൈറ്റില്‍ ലഭ്യമാണ്.
4. ഡ്രോണുകള്‍: പ്രാദേശിക അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയോ ചെയ്യാതെ ഡ്രോണുകള്‍ ഉപയോഗിക്കരുത്.
5. അകമ്പടിയില്ലാത്ത കുട്ടികള്‍: ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഉണ്ടായിരിക്കണം.
6. ബാഗേജ് നിയന്ത്രണങ്ങള്‍: പേഴ്‌സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് കൊണ്ടുപോകാമെങ്കിലും ക്ഷേത്രപരിസരത്ത് ബാഗുകള്‍, ബാക്ക്പാക്കുകള്‍, ക്യാബിന്‍ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശിക്കുന്നു.
7. ആയുധങ്ങളും മൂര്‍ച്ചയുള്ള വസ്തുക്കളും: കത്തികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എന്‍ട്രി പോയിന്റുകളില്‍ എക്‌സ്-റേ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
8. പുകവലി രഹിത മേഖല: പാര്‍ക്കിങ് ഏരിയകള്‍ ഉള്‍പ്പെടെയുള്ള 27 ഏക്കര്‍ സൗകര്യത്തിലുടനീളം പുകവലി, വാപ്പിംഗ്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
9. മദ്യനിരോധനം: മദ്യം, വൈന്‍, മറ്റ് ലഹരിപാനീയങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ച സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കും.
10. ഗൈഡുകള്‍: വിവര്‍ത്തന, വ്യാഖ്യാന സേവനങ്ങള്‍ അനുവദനീയമായത് ക്ഷേത്ര ടൂര്‍ ഗൈഡിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ്.
11. പാദരക്ഷ: പാരമ്പര്യം പാലിക്കാന്‍, സന്ദര്‍ശകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷൂസ് നിയുക്ത സ്ഥലങ്ങളില്‍ അഴിച്ചുവയ്ക്കണം. ചെരിപ്പില്ലാതെ നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
12. മൊബൈല്‍ ഫോണ്‍ ഉപയോഗം: ആത്മീയ അന്തരീക്ഷം നിലനിര്‍ത്താനായി ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ചിത്രങ്ങള്‍ പകര്‍ത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ഇടുകയോ വേണം. ക്ഷേത്രത്തിന്റെ പുറത്ത് മൊബൈല്‍ ഫോണുകളും ക്യാമറകളും ഉപയോഗിക്കാം.
13. വീല്‍ചെയര്‍ പ്രവേശനം: വീല്‍ചെയറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കടന്നുപോകാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പ്രവേശന കവാടങ്ങളില്‍ അംഗപരിമിതര്‍ക്ക് മുന്‍ഗണനാ പ്രവേശനവും പ്രത്യേക സഹായവും നല്‍കും.
14. പവിത്രത കാത്തുസൂക്ഷിക്കുക: ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദര്‍ശകര്‍ നിശബ്ദത പാലിക്കണം. ആചാരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ പ്രത്യേകിച്ചും.
15. കലാസൃഷ്ടി സംരക്ഷണം: ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും അകത്തളത്തിലുമുള്ള അതിലോലമായ കൊത്തുപണികള്‍, അലങ്കാരങ്ങള്‍, പെയിന്റിങുകള്‍, സംരക്ഷണ ഭാഗങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ തൊടരുത്.
16. ആചാര സംരക്ഷണം: സാംസ്‌കാരിക പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ആദരവിന്റെ അടയാളമായി ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.
17. ദേവതകളോടുള്ള ബഹുമാനം: ക്ഷേത്രത്തിനുള്ളിലെ ദേവതകള്‍ ബഹുമാനിക്കപ്പെടുന്നു. സന്ദര്‍ശകര്‍ വിശുദ്ധ ചിത്രങ്ങളില്‍ തൊടുന്നത് ഒഴിവാക്കണം.
18. ശുചിത്വം: ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്. നിയുക്ത ബിന്നുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കണം.
19. ചുവരെഴുത്ത്: ക്ഷേത്ര ചുവരുകളില്‍ എഴുതുന്നതും വരയ്ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
20. ഫോട്ടോഗ്രാഫിയും വീഡിയോയും: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോര്‍ഡിങും അനുവദനീയമാണ്. മാധ്യമപ്രവര്‍ത്തനത്തിനോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് press@mandir.ae എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി നേടണം. രേഖകള്‍ ഹാജരാക്കുകയും പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കുകയും വേണം.