Connect with us

Kerala

1500 കോടി ചെലവ്, ഫോ‍‍ർട്ട് കൊച്ചിയിലേക്ക് കടലിനടിയിലൂടെ തുരങ്കം, കേരളത്തിനാകെ മെച്ചം, പച്ചക്കൊടി വീശുമോ സ‍ർക്കാർ?

Published

on

കൊച്ചി: നഗരമേഖലയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളാണ് വൈപ്പിനും ഫോ‍ർട്ട് കൊച്ചിയും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നഗരഭാഗങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് താമസിക്കുകയും നിത്യേന വന്നുപോകുകയും ചെയ്യുന്നത്. എന്നാൽ ഒരുവശത്ത് കടലും മറുവശത്ത് കായലുമുള്ള ഈ ഭാഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കാൻ യാത്രാബോട്ടുകളും വാഹനങ്ങൾ കയറ്റുന്ന ഫെറികളും മാത്രമാണുള്ളത്. തുടർച്ചയായി സർവീസ് നടത്തുന്ന റോ-റോ ഫെറികളിലൊന്ന് പണിമുടക്കിയാൽ ഇരുമുനമ്പുകളും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. ഈ സാഹചര്യത്തിൽ മൂന്നാമതൊരു ഫെറി കൂടി എത്തിക്കാനുള്ള ഒരുക്കവുമായി കോർപ്പറേഷൻ മുന്നോട്ടു പോകുന്നതിനിടെ വീണ്ടും പഴയൊരു ആവശ്യം ശക്തമാകുകയാണ്. കപ്പൽച്ചാലും കായലും മുറിച്ചുകടക്കുന്ന ഒരു അണ്ടർവാട്ടർ ടണൽ യാഥാർഥ്യമാക്കിയാൽ ഈ യാത്രാപ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാം. എന്നാൽ 1500 കോടിയോളം ചെലവ് കണക്കാക്കുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ചോദ്യം.

കായലിൻ്റെ അടിത്തട്ടിൽനിന്ന് 35 മീറ്ററോളം ആഴത്തിൽ തുരങ്കം നിർമിക്കണമെന്നാണ് മേഖലയിലെ വിദഗ്ധരും പൊതുജനസംഘടനകളും ആവശ്യപ്പെടുന്നത്. ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തുനിന്ന് ആരംഭിച്ച് കപ്പൽച്ചാൽ മുറിച്ചു കടക്കുന്ന പാത വൈപ്പിനിൽ എത്തിച്ചേരുംവിധം യാഥാർഥ്യമാക്കാനാകും. ഫെറിക്കുവേണ്ടി കാത്തുകിടക്കേണ്ട എന്നതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തുനിന്നും സുഗമമായി സഞ്ചരിക്കാനാകും. കൂടാതെ കാൽനട യാത്രക്കാർക്കും സൈക്കിളുകൾക്കും സൗകര്യമൊരുക്കുകയും ചെയ്യാം. കൊച്ചി നഗരഭാഗത്തിനുള്ളിൽ നിൽക്കുന്ന പദ്ധതിയാണെങ്കിലും തീരദേശപാതയുടെ ഭാഗമാണെന്നതിനാൽ കേരളത്തിൻ്റെ തീരമേഖലയ്ക്ക് ഒട്ടാകെ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ കൺവീനറായ ജോണി വൈപ്പിൻ ആവശ്യപ്പെടുന്നത്.

കേരളത്തിൻ്റെ പടിഞ്ഞാറൻ തീരംവഴി സംസ്ഥാന സർക്കാർ നിർമിക്കുന്ന തീരദേശപാതയ്ക്ക് മൊത്തം 6500 കോടിയാണ് ചെലവ്. 623 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പലയിടത്തും പുതിയ പാലങ്ങളും റോഡുകളും നിർമിക്കുകയും നിലവിലെ പാതകൾ വികസിപ്പിക്കുകയും ചെയ്തു. എന്നാൽ തീരദേശപാതയുടെ തുടർച്ച ഇല്ലാതാകുന്നത് ഫോർട്ട് കൊച്ചി – വൈപ്പിൻ ഭാഗത്താണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഫോർട്ട് കൊച്ചി കൊച്ചി നഗരത്തിലെ സുപ്രധാനമേഖലയാണ്. എന്നാൽ കായലിനക്കരെ അര കിലോമീറ്റർ മാത്രം ദൂരത്തായി കിടക്കുന്ന വൈപ്പിനാകട്ടെ വികസനത്തിൽ ഏറെ പിന്നോട്ടാണ്. തുരങ്കപാത യാഥാർഥ്യമായാൽ മിനിറ്റുകളുടെ മാത്രം ദൂരത്തുള്ള വൈപ്പിനിൽ വികസനത്തിനും ഏറെ സാധ്യതകളുണ്ട്.

യുകെയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കാനായി ഇംഗ്ലീഷ് ചാനലിനു കുറുകെ നിർമിച്ച തുരങ്കപാതയ്ക്ക് 50.5 കിലോമീറ്റർ ദൂരമുണ്ട്. ജപ്പാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും വർഷങ്ങൾക്കു മുൻപേ ഇത്തരം തുരങ്കപാതകൾ യാഥാർഥ്യമായിട്ടുണ്ട്. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ സമാനമായ രീതിയിൽ തുരങ്കപാത നിർമിക്കാൻ കേന്ദ്രസർക്കാർ 7000 കോടി രൂപ അനുവദിച്ചത് അടുത്തിടെയാണ്. ഈ സാഹചര്യത്തിൽ ഫോർട്ട് കൊച്ചി – വൈപ്പിൻ തുരങ്കപാതയും അസാധ്യമായ കാര്യമല്ല.

ഇരുകരകൾക്കുമിടയിലുള്ള കപ്പൽച്ചാലിന് 260 മീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ വലിയ ഭാരവാഹനങ്ങൾക്ക് അടക്കം വേഗത്തിൽ സഞ്ചരിക്കാനായി കയറ്റിറക്കങ്ങൾ ഒഴിവാക്കി നിർമിക്കുമ്പോൾ രണ്ട് കിലോമീറ്ററിലധികം ദൂരം തുരങ്കത്തിന് പ്രതീക്ഷിക്കാമെന്ന് മുംബൈ, ഗോവ തുറമുഖങ്ങളുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ഡോ. ജോസ് പോൾ പറയുന്നു. പുതുവൈപ്പിനിൽനിന്നു തുടങ്ങി ഫോർട്ട് കൊച്ചി ബീച്ചിനു സമീപം അവസാനിക്കുന്ന തരത്തിൽ തുരങ്കപാത രൂപകൽപന ചെയ്യാനാകും. ഇതോടെ നിലവിൽ എറണാകുളം എംജി റോഡ് വഴി 20 കിലോമീറ്ററോളം വരുന്ന യാത്ര രണ്ട് കിലോമീറ്ററായി ചുരുങ്ങും. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ആദ്യ സമുദ്രാന്തര തുരങ്കപാത കൂടിയാകും ഇത്.

ദേശീയപാതാ മാതൃകയിൽ നടപ്പാക്കാവുന്ന പദ്ധതിയുടെ ദേശീയപ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തികസഹായവും നേടാനാകും. നിലവിൽ റോ റോ ഫെറി സർവീസിന് പ്രത്യേക നിരക്ക് നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഈ സാഹചര്യത്തിൽ തുരങ്കപാതയ്ക്കായി ടോൾ ഏർപ്പെടുത്തിയാലും എതിർപ്പ് ഉയരാൻ സാധ്യത കുറവാണ്. നിലവിൽ പ്രവർത്തിക്കുന്ന ഫെറി ഓരോന്നിനും 10 കോടിയിലധികമാണ് ചെലവ്. കൂടാതെ അറ്റകുറ്റപ്പണികൾക്കായി കോർപ്പറേഷന് വേറെയും തുക ചെലവിടേണ്ടി വരുന്നുണ്ട്. പുതിയ പാത പൂർത്തിയായാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാം. ഭാവിയിൽ വൈപ്പിൻ വഴി ഫോർട്ട് കൊച്ചിയിലേക്ക് ബസ് സർവീസും പരിഗണിക്കാനായാൽ വില്ലിങ്ടൺ ഐലൻഡ് വഴിയുള്ള നിലവിലെ പാതയിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനാകും.

ലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന പാത ഇനിയും സർക്കാർ ഗൗരവത്തിലെടുത്തിട്ടില്ല. മൂന്നാമതൊരു ഫെറി കൂടി എത്തിച്ചാൽ ഫോർട്ട് കൊച്ചിയിലെ യാത്രാപ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് കോർപ്പറേഷന്. നിലവിൽ രണ്ട് റോ റോ ഫെറികളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. രണ്ടിലൊരു യാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. അടുത്ത വർഷത്തോടെ മൂന്നാമത്തെ ഫെറി എത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്‌ലക്‌സ്

Published

on

By

നിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്.

കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്‌ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.

Continue Reading

Gulf

‘ആകാശ പണിമുടക്കില്‍’ വലഞ്ഞ് യാത്രക്കാര്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

By

കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.

8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.

വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.

നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി.

കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കൂടാതെ ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി.

Continue Reading

Gulf

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മുന്നറിയിപ്പ്

Published

on

By

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്.  ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.

വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.  വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.