അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളികളുടെ അവധിക്കാല യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 87 വിമാനങ്ങൾ റദ്ദാക്കി. ഈ മാസം 30 വരെ കേരളത്തിലേക്കു മാത്രം 40 വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്നലെ ഷാർജയിൽനിന്ന് കണ്ണൂർ, കൊച്ചി, തിരിച്ചിറപ്പള്ളി സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. മലബാറിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ദുബായ്-മംഗളൂരു പ്രതിദിന സർവീസ് 27 വരെ പൂർണമായും നിർത്തി. 28 മുതൽ 30 വരെ തിങ്കൾ, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാകും ദുബായ്-മംഗലാപുരം-ദുബായ് സെക്ടറിൽ സർവീസ്.
ഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനങ്ങൾ കർശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഇതേ ദിവസം എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റു സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യതയനുസരിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കും. ആവശ്യക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകും. അല്ലാത്തവർക്ക് മറ്റൊരു ദിവസത്തേക്കു യാത്ര ചെയ്യാൻ അധിക തുക ഈടാക്കാതെ റീബുക്കിങ് ചെയ്യാം.