ദുബായ്: എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ദുബായ്. 762 കാത്തിരിപ്പ് കേന്ദ്രങ്ങൾ നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. ആകര്‍ഷകമായ ഡിസൈനുകളോടെയും വാസ്തുവിദ്യ രൂപകല്‍പനയെ മികവുറ്റതാക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക. 2025ല്‍ മുഴുവന്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, നിലവിൽ പൊതു ബസ് സർവിസുകൾ തുടരുന്നതും ഭാവിയിൽ കൂടുതൽ ആവശ്യമുള്ളതുമായ സ്ഥലങ്ങൾ, ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ സ്ഥലങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിയായിരിക്കും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിക്കുക. പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ആര്‍ടിഎ നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായാണ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.
വീൽചെയർ ഉൾപ്പടെയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരിക്കും. ദുബായ് ജനങ്ങളുടെ സൗഹൃദ നഗരമായി മാറ്റുക എന്ന ലക്ഷ്യത്തോടെ യുഎഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘എന്‍റെ സമൂഹം എല്ലാവർക്കും ഒരു സ്ഥലം’ എന്ന സംരംഭത്തെ ഈ പദ്ധതി പിന്തുണയ്ക്കുന്നുവെന്ന് മതർ അൽ തായർ പറഞ്ഞു.