Gulf

ആദ്യ ഞായറാഴ്ച എത്തിയത് 65000 പേർ; അബുദബിയിലെ ബാപ്സ് ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്ക്

Published

on

അബുദബി: എമിറേറ്റിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000പേർ. രാവിലെ 40000ത്തിലധികം സന്ദര്‍ശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്. വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 2000 പേരുടെ സംഘങ്ങളായി ക്യൂവായി നിന്നാണ് ക്ഷേത്രത്തിലേക്ക് ആളുകൾ പ്രവേശിച്ചത്. മാര്‍ച്ച് ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച് തുടങ്ങിയത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദുമന്ദിർ.

സന്ദർശനത്തിനെത്തിയവർ ബാപ്സ് ക്ഷേത്രത്തിന്റെ മാനേജ്മെന്റിനേയും ക്ഷേത്ര ജീവനക്കാരെയും പ്രശംസിച്ചു. ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ​ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർ‌മാണത്തിൽ പങ്കാളികളായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version