ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.