Gulf

42 വിവാഹം കഴിച്ചതായി അവകാശപ്പെട്ട് സൗദി പൗരന്റെ വീഡിയോ

Published

on

റിയാദ്: 42 വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന സൗദി പൗരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റി. അബു അബ്ദുല്ല എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ തന്റെ പ്രായം എത്രയാണെന്നോ സൗദിയില്‍ എവിടെയാണ് താമസമെന്നോ വ്യക്തമാക്കിയില്ല.

ഏറ്റവുമധികം ഇഷ്ടം ഏത് ഭാര്യയോടാണെന്ന് വീഡിയോ സംഭാഷണം നടത്തിയ വ്യക്തി ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ അബു അബ്ദുല്ല വിസമ്മതിച്ചു. വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഇത്രയധികം വിവാഹം കഴിച്ചതിന്റെ വ്യക്തമായ കാരണവും അദ്ദേഹം പറഞ്ഞില്ല.

‘ഞാന്‍ 42 സ്ത്രീകളെ വിവാഹം കഴിച്ചു. ഞാന്‍ വിവാഹം കഴിച്ച എല്ലാ ഗോത്രങ്ങളും നല്ലവരാണ്. ആദ്യമായി വിവാഹം കഴിച്ചപ്പോള്‍ സുഖവും കുട്ടികളും ലഭിച്ചതിനാല്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നില്ല. എന്നാല്‍ കുറച്ചുകാലത്തിന് ശേഷം പ്രശ്‌നങ്ങളുണ്ടായി. 23 വയസ്സുള്ളപ്പോള്‍ ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തീരുമാനം ഞാന്‍ ഭാര്യയെ അറിയിച്ചു’- അബു അബ്ദുല്ല വിശദീകരിച്ചു.

ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ക്കിടയില്‍ പിന്നീട് ഒരു പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടു. ഇത് മൂന്നാമത്തെയും നാലാമത്തെയും വിവാഹം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട് ഒന്നും രണ്ടും മൂന്നും ഭാര്യമാരെ വിവാഹമോചനം ചെയ്തുവെന്നും അബു അബ്ദുല്ല പറഞ്ഞു. എല്ലാ ഭാര്യമാരോടും നീതിപുലര്‍ത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ അന്വേഷിച്ചതാണ് ഒന്നിലധികം വിവാഹങ്ങള്‍ക്ക് കാരണമെന്നും വാദിച്ചു.

ഇത്രയധികം സ്ത്രീകളെ വിവാഹം കഴിച്ചുവെന്ന അബു അബദുല്ല അവകാശവാദം ഓണ്‍ലൈനില്‍ വിമര്‍ശനത്തിന് ഇടയാക്കി. ആളുകളുടെ പെണ്‍മക്കള്‍ നിങ്ങള്‍ക്ക് ദിവസവും വിവാഹം കഴിക്കാനും വിവാഹമോചനം നേടാനുമുള്ള കളിപ്പാവയല്ലെന്ന് ഓരാള്‍ വിമര്‍ശിച്ചു.

ഒരേസമയം നാല് ഭാര്യമാരെ വരെ വിവാഹം കഴിക്കാന്‍ ഇസ്‌ലാമില്‍ അനുവാദമുണ്ട്. എല്ലാ ഭാര്യമാരോടും നീതിപുലര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂയെന്നും നിഷ്‌കര്‍ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം, മറ്റൊരു സൗദി പൗരന്‍ 53 തവണ വിവാഹം കഴിച്ചതായി അറിയിച്ചിരുന്നു. സൗദി പൗരന്റെ തന്നെ ഉടമസ്ഥതയിലുള്ള എംബിസി ടിവി ഷോയിലായിരുന്നു വെളിപ്പെടുത്തല്‍. തന്റെ വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല ഈ വിവാഹങ്ങളെന്നും സ്ഥിരതയും മനസ്സമാധാനവുമാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. ‘നൂറ്റാണ്ടിലെ ബഹുഭാര്യന്‍’ എന്ന് വിളിപ്പേരുള്ള ഇദ്ദേഹത്തിന് 63 വയസ്സുണ്ട്. നിലവില്‍ ഒരു ഭാര്യ മാത്രമുള്ള ഇദ്ദേഹം വീണ്ടും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version