ഷാര്‍ജ: മാലിന്യ നിര്‍മാര്‍ജനത്തിന്റെയും നഗര സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി ഷാര്‍ജ എമിറേറ്റിലുടനീളമുള്ള എല്ലാ നിയമവിരുദ്ധ പരസ്യങ്ങളും സ്റ്റിക്കറുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നതിനുള്ള വിപുലമായ കാംപയിന് തുടക്കും കുറിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി. ബീഅ ഗ്രൂപ്പുമായി സഹകരിച്ച് തൊഴിലാളികള്‍ അല്‍ നഹ്ദയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
എമിറേറ്റിന്റെ പരിസരങ്ങള്‍ വൃത്തികേടാക്കുകയും പോസ്റ്റര്‍ ഒട്ടിച്ചും മറ്റും ചുറ്റുപാടുകള്‍ മോശമാക്കുകയും ചെയ്യുന്നവരെ ശക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് കാംപയിന്‍ ആരംഭിച്ചതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഉബൈദ് സയീദ് അല്‍ തുനൈജി വ്യക്തമാക്കി. എമിറേറ്റിലുടനീളം ഇത്തരം നിയമവിരുദ്ധ പരസ്യ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ഒട്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി പ്രതിജ്ഞയെടുത്തതായും അല്‍ തുനൈജി പറഞ്ഞു.
ചുവരുകളില്‍ പോസ്റ്റുകളിലും മറ്റും സ്റ്റിക്കറുകള്‍ പതിക്കുന്നവര്‍ക്കെതിരേ 4,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാമ്പയിന്‍ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ രാപ്പകല്‍ ഭേദമില്ലാതെ നടത്തും. കാംപയിന്റെ ഭാഗമായി, പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.