അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്ന പാകിസ്താന്‍കാരന് എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ 33 കോടി രൂപ സമ്മാനം. ഏറ്റവും പുതിയ എമിറേറ്റ്സ് ഡ്രോ ഈസി 6 ഗെയിമിലാണ് പാക് പ്രവാസി ഒന്നരക്കോടി ദിര്‍ഹത്തിന്റെ (33,98,61,528 രൂപ) മെഗാസമ്മാനം നേടിയത്.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് സ്വദേശിയായ മുഹമ്മദ് ഇനാം ആണ് 15 മില്യണ്‍ ക്യാഷ് പ്രൈസ് കരസ്ഥമാക്കിയ ഭാഗ്യവാന്‍. അബുദാബി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓഡിറ്ററായി ജോലി ചെയ്യുകയാണിദ്ദേഹം. നറുക്കെടുപ്പില്‍ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് ക്യാഷ് പ്രൈസ് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പരസ്യം കണ്ടാണ് 2021 മുതല്‍ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. ദീര്‍ഘകാലത്തെ ശ്രമത്തിനൊടുവില്‍ മെഗാ സമ്മാനം തന്നെ ലഭിക്കുകയും ചെയ്തു.
വിജയ വാര്‍ത്ത അറിയിക്കാന്‍ എമിറേറ്റ്സ് ഡ്രോ അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇനാം ആദ്യം തമാശയാണെന്ന് കരുതി തള്ളിക്കളഞ്ഞു. ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയപ്പോഴാണ് കോടീശ്വരനായെന്ന് വിശ്വസിക്കാനായത്. കുടുംബത്തോടൊപ്പം ഹജ്ജ് നിര്‍വഹിക്കുക എന്ന തന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷിക്കുന്ന തുക യുഎഇയില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനും ഉദ്ദേശിക്കുന്നു.
യുഎഇയിലെ പ്രമുഖ ഗെയിമിങ് ഓപറേറ്ററായ എമിറേറ്റ്സ് ഡ്രോയില്‍ പ്രതിവാരം ദശലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനമായി നല്‍കിവരുന്നു. മെഗാ-7, ഈസി-6, ഫാസ്റ്റ്-5 എന്നിങ്ങനെ മൂന്ന് ഗെയിമുകളാണുള്ളത്. എല്ലാ ശനിയാഴ്ചയും നടക്കുന്ന പ്രതിവാര മത്സരമാണ് ഫാസ്റ്റ്-5. ഇത് പങ്കെടുക്കുന്നവര്‍ക്ക് 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം സമ്മാനം നേടാനുള്ള അവസരമുണ്ട്.
ഡിസംബര്‍ 31ന് പുതുവത്സരാഘോഷത്തില്‍ 200 മില്യണ്‍ ദിര്‍ഹം (4,53,70,11,070 രൂപ) മഹത്തായ സമ്മാനം നല്‍കുന്ന എമിറേറ്റ്സ് നറുക്കെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമായ ആപ്ലിക്കേഷനില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങി ആര്‍ക്കും എമിറേറ്റ്സ് ഡ്രോ ഗെയിമുകളില്‍ പങ്കെടുക്കാം.