Gulf

കാണികള്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ 30,000 ദിര്‍ഹം പിഴ; സൗദിക്ക് പിന്നാലെ നിയമങ്ങള്‍ കര്‍ശനമാക്കി യുഎഇയും

Published

on

അബുദാബി: ലോക ഫുട്‌ബോളിലെ പ്രമുഖ താരങ്ങളുടെ ഒഴുക്ക് തുടരുന്നതിനിടെ സൗദിയും യുഎഇയും കാണികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി. 130 ലേറെ പ്രദേശങ്ങളില്‍ സൗദി ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള കരാറുകള്‍ ഒപ്പുവെക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് സൗദി നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഇതിനു പിന്നാലെയാണ് യുഎഇയും ആരാധകര്‍ക്ക് നിയന്ത്രണവുമായി രംഗത്തെത്തിയത്.

യുഎഇയില്‍ ഇന്ന് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. ഗ്രൗണ്ടിലിറങ്ങുകയോ അക്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ആരാധകര്‍ക്ക് 30,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അറിയിപ്പില്‍ പറയുന്നു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ തടവും ലഭിക്കാം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് ഖലീഫ അല്‍ ഫലാസി ആരാധകര്‍ പാലിക്കേണ്ട നിയമങ്ങള്‍ പുറത്തുവിട്ടത്.

കാണികള്‍ അനുമതിയില്ലാതെ കളിക്കളത്തിലോ സ്‌പോര്‍ട്‌സ് ഇവന്റ് ഏരിയയിലേക്കോ അനുവാദമില്ലാത്ത മറ്റ് ഭാഗങ്ങളിലോ പ്രവേശിക്കരുത്. മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റ് ആയുധങ്ങളും സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല. പടക്കങ്ങളോ അപകടകരമായ വസ്തുക്കളോ നിരോധിത ഉല്‍പന്നങ്ങളോ കൊണ്ടുവരാന്‍ പാടില്ല. ഗാലറിയില്‍ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഇരിക്കണം. കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും ആരാധകര്‍ക്കും ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്നും ദുബായ് പോലീസ് വ്യക്തമാക്കി.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. അനുവാദമില്ലാതെ കളിക്കളത്തിലേക്കോ നിയുക്ത സ്‌പോര്‍ട്‌സ് ഇവന്റ് ഏരിയയിലേക്കോ പ്രവേശിക്കരുത്.
2. നിരോധിതമോ അപകടകരമോ ആയ പദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് പടക്കങ്ങള്‍ കൊണ്ടുവരുകയോ കൈവശം വയ്ക്കുകയോ ചെയ്യരുത്.
3. മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റ് ആയുധങ്ങളും സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല.
4. ആരാധകര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രം ഇരിക്കണം

നിയമങ്ങള്‍ ലംഘിച്ചാല്‍ തടവും പിഴയും

അസൗകര്യം സൃഷ്ടിക്കുന്നതായി കണ്ടെത്തുന്ന ഏതൊരു കാണിക്കും ഒന്ന് മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കും. 5,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും അടയ്‌ക്കേണ്ടി വരും. ഏതെങ്കിലും തരത്തിലുള്ള പദാര്‍ത്ഥങ്ങളോ ദ്രാവകങ്ങളോ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാലും മുകളില്‍ പറഞ്ഞ അതേ പിഴ ചുമത്തും.

അസഭ്യമായ ഭാഷ (എഴുതുകയോ സംസാരിക്കുകയോ) ഉപയോഗിച്ചാലും ഇതുതന്നെയാണ് ശിക്ഷ. വംശീയ അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതും ഇതേരീതിയിലുള്ള ശിക്ഷാര്‍ഹമായ കുറ്റമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version