റിയാദ്: 2024ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഹജ്ജ് അപേക്ഷയിലൂടെ 1445/2024 ഹജ്ജിനായി കുടുംബത്തോടൊപ്പം രജിസ്റ്റര്‍ ചെയ്യാമെന്ന് മാധ്യമ മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ (സിഐസി) വ്യക്തമാക്കി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നുസുക് ഹജ്ജ് അപേക്ഷയിലൂടെ തീര്‍ഥാടനത്തിന് അപേക്ഷിക്കാം. രജിസ്‌ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ hajj.nusuk.sa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏകജാലക പ്ലാറ്റ്ഫോമാണ് നുസുക്. വിശ്വാസിയുടെ ജീവിതത്തിലെ സ്വപ്‌നയാത്രയുടെ കവാടമായി നുസുക് വര്‍ത്തിക്കുന്നു. ഇത് തീര്‍ഥാടകര്‍ക്ക് അംഗീകൃത സേവന ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഹജ്ജ് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു.
തീര്‍ഥാടകര്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിച്ച് വിലാസവും ഇ-മെയിലും നല്‍കി സ്വന്തം പേരില്‍ അക്കൗണ്ട് സൃഷ്ടിച്ചാല്‍ വെബ്സൈറ്റ് വഴി അവരുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഹജ്ജിന് പുറപ്പെടുന്ന രാജ്യവും തെരഞ്ഞെടുക്കണം. 2024ല്‍ ഹാജിമാരെത്തുന്ന മുഴുവന്‍ രാജ്യങ്ങളുടെയും പട്ടിക വെബ്‌സൈറ്റിലുണ്ട്.