2023 ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുകയാണ്. കൊൽക്കത്തയിലെ ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിലാണ് സെമിപോരാട്ടം നടക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരു ആവേശപ്പോരാട്ടം തന്നെ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നു.
അതേ സമയം മത്സരം നടക്കാനിരിക്കുന്ന കൊൽക്കത്തയിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വെതർ ഡോട്ട്കോം പുറത്തുവിടുന്ന റിപ്പോർട്ടനുസരിച്ച് മത്സരം ആരംഭിക്കുന്ന രണ്ട് മണിസമയത്ത് 23 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. വൈകിട്ട് 9.30 ഓടേ ഇത് 30 ശതമാനമായി ഉയർന്നേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
മഴയെത്തുടർന്ന് ഇന്ന് മത്സരം പൂർത്തിയാക്കാനില്ലെങ്കിൽ കളി റിസർവ് ദിനമായ വെള്ളിയാഴ്ചത്തേക്ക് നീളും. എന്നാൽ കാലാവസ്ഥാ പ്രവചനം അനുസരിച്ച് വെള്ളിയാഴ്ച കൊൽക്കത്തയിൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ് (40%). മഴ വില്ലനായി മത്സരം രണ്ട് ദിവസങ്ങളിലും നടക്കാതെ വന്നാൽ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് യോഗ്യത നേടും. ഐസിസി നിയമം അനുസരിച്ച് നോക്കൗട്ടിൽ മത്സരം സാധ്യമാകാതെ വന്നാൽ പോയിന്റ് പട്ടികയിൽ മുന്നിൽ ഫിനിഷ് ചെയ്ത ടീമാകും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക. ഇക്കുറി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്.
ഓസ്ട്രേലിയ സാധ്യത ഇലവൻ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാമ്പ, ജോഷ് ഹേസൽവുഡ്.
ദക്ഷിണാഫ്രിക്ക സാധ്യത ഇലവൻ: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡർ ഡസൻ, ഐഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എംഗിഡി, ട്രബ്രൈസ് ഷംസി.