Gulf

അവകാശികളില്ലാതെ 2440 കോടി; പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചെടുക്കാന്‍ അവസരം

Published

on

കുവൈറ്റ് സിറ്റി: പ്രവാസികളുടേതടക്കം 2440 കോടി രൂപ കവൈറ്റിലെ ബാങ്കുകളില്‍ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് നിര്‍ദേശ പ്രകാരം രാജ്യത്തെ ബാങ്കുകള്‍ നടത്തിയ വിപുലമായ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍.

പ്രാദേശിക ബാങ്കുകളില്‍ 90 മില്യണ്‍ ദിനാര്‍ അവകാശികളില്ലാതെ കിടക്കുന്നതായി വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതല്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും തുടക്കത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ചതാണ്. ഇതിനകം രാജ്യംവിട്ട പ്രവാസികളുടെ അക്കൗണ്ടുകളിലും കോടികള്‍ നിക്ഷേപമുണ്ട്.

കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ പരിമിതമായ ഇടപാടുകള്‍ മാത്രം നടത്തുന്ന നിരവധി അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. നിശ്ചലമായ അക്കൗണ്ടുകളിലെ തുകകള്‍ പരിശോധിച്ച് എത്രയാണെന്ന് ബാങ്കുകള്‍ കണക്കാക്കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

റെസിഡന്‍ഷ്യല്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നതടക്കമുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഇത്തരം അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും അക്കൗണ്ടുകളില്‍ ഇടപെടാനുമുള്ള സാധ്യതകള്‍ തടയാന്‍ വേണ്ടിയാണിത്.

നിശ്ചലമായതും അനാഥമായതുമായ അക്കൗണ്ടുകളിലെ പണം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഉടമസ്ഥര്‍ക്ക് തിരിച്ചെടുക്കുകയോ സജീവമായ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാന്‍ അനുവാദമുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണിത്. ഇതിലൂടെ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കിനും സാധിക്കും. ഇത് ബാങ്കുകളുടെ അനാവശ്യ ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

അതിനിടെ തൊഴില്‍-താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി. മഹ്ബൂല, സബാഹ് അല്‍ നാസര്‍, ഷര്‍ഖ്, ഹവല്ലി, അല്‍ ഫഹാഹീല്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ നിയമം ലംഘിച്ച 162 പേരാണ് പിടിയിലായത്.

വിവിധ ഗവര്‍ണറേറ്റുകളില്‍ ലൈസന്‍സില്ലാതെയും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. സ്‌പോണ്‍സറിന് കീഴിലല്ലാതെ ജോലിചെയ്യുന്നതായി കണ്ടെത്തിയ 47 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നാലുപേരെ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ നിന്നും പിടികൂടി. നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version