“യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരൻമാർക്ക് ശിക്ഷ വിധിച്ച് അബൂദബി ഫെഡറൽ അപ്പീൽ കോടതി. മൂന്നു പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിലാണ് വിചാരണ നടത്തി കോടതി വിധി പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി
ബന്ധപ്പെട്ടാണ് പ്രതികൾ യു.എ.ഇയിൽ പ്രതിഷേധിച്ചത്. സ്വന്തം രാജ്യത്തെ സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 54പേരെ തടവുശിക്ഷക്ക് ശേഷമാണ് നാടുകടത്താൻ ഉത്തരവിട്ടിട്ടുള്ളത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.”