“2034 ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ അവകാശവാദം ഉന്നയിച്ച ഏകരാജ്യമായ സൗദി അറേബ്യ, അഞ്ച് നഗരങ്ങളിലായിരിക്കുന്നത് 15 അത്യാധുനിക സ്റ്റേഡിയങ്ങള്‍. തലസ്ഥാന നഗരമായ റിയാദിലെ എട്ട് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണിത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.”
“ഫിഫ ടൂര്‍ണമെന്റിന്റെ എക്കാലത്തെയും വലിയ പതിപ്പിനായിരിക്കും സൗദി ആതിഥ്യമരുളുകയെന്നും അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ റിയാദിനു പുറമെ, ചെങ്കടല്‍ നഗരമായ ജിദ്ദ, അല്‍ ഖോബാര്‍, അബ്ഹ, 500 ബില്യണ്‍ ഡോളറില്‍ പുതുതായി നിര്‍മിക്കുന്ന ഫ്യൂച്ചറിസ്റ്റിക് നഗരമായ നിയോം എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ നടക്കുന്ന 15 സ്റ്റേഡിയങ്ങളില്‍ പതിനൊന്നെണ്ണം പുതിയവയാണെന്ന് സൗദി ന്യൂസ് ഏജന്‍സി അറിയിച്ചു. 92,000-ത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്ന പുതിയ കിംഗ് സല്‍മാന്‍ സ്റ്റേഡിയം ഉള്‍പ്പെടെ എട്ട് സ്റ്റേഡിയങ്ങളാണ് റിയാദിലുള്ളത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന, സമാപന മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക.”