ദുബായ്: കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ത്യക്കാര്‍ നടത്തിയ ആഡംബര വിവാഹം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. 200 കോടിയോളം രൂപ മുഴുവന്‍ പണമായി നല്കി നടത്തിയ ആഘോഷത്തെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണം കോടികള്‍ മറിയുന്ന ഓണ്‍ലൈന്‍ വാതുവയ്പ്പ് സംഘങ്ങളിലേക്കും ഹവാല ഇടപാടുകളിലേക്കുമാണ് വെളിച്ചംവീശിയത്.
സൗരഭ് ചന്ദ്രകര്‍ എന്നയാളുടെ വിവാഹമാണ് യുഎഇയിലെ റാസല്‍ഖൈമയില്‍ നടത്തിയിരുന്നത്. ഒരു ഓണ്‍ലൈന്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളാണിദ്ദേഹമെന്ന് ഇഡി കണ്ടെത്തി. കുടുംബാംഗങ്ങളെ നാഗ്പൂരില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുപോകാന്‍ സ്വകാര്യ ജെറ്റുകള്‍ വാടകയ്ക്കെടുക്കുകയും ഷോ നടത്താന്‍ സിനിമാ മേഖലയിലെ സെലിബ്രിറ്റികളെ വന്‍തുക മുടക്കി എത്തിക്കുകയും ചെയ്തതായി ഇഡി പറയുന്നു.
മഹാദേവ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ബുക്ക് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള വിവാഹ ആസൂത്രകര്‍, നര്‍ത്തകര്‍, അലങ്കാരപ്പണിക്കാര്‍ തുടങ്ങിയവരെ നിയമിക്കുകയും ഹവാല ചാനലുകള്‍ വഴി പണമിടപാട് നടത്തുകയും ചെയ്തു. പെട്ടെന്നുള്ളതും അനധികൃതവുമായ സമ്പത്ത് അവര്‍ പരസ്യമായി പ്രകടിപ്പിക്കുകയാണെന്ന് ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
അനധികൃത വാതുവെപ്പ് വെബ്സൈറ്റുകള്‍ക്ക് പുതിയ ഉപയോക്താക്കളെ എന്റോള്‍ ചെയ്യുന്നതിനും യൂസര്‍ ഐഡികള്‍ സൃഷ്ടിക്കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേര്‍ഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനുമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ക്രമീകരിക്കുന്ന ഒരു അംബ്രല്ല സിന്‍ഡിക്കേറ്റാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ബെറ്റിങ് ആപ്പ്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ ചന്ദ്രാകറും രവി ഉപ്പലും മഹാദേവ് വാതുവെപ്പ് പ്ലാറ്റ്ഫോമിന്റെ രണ്ട് പ്രധാന പ്രമോട്ടര്‍മാരാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ നിന്നാണെന്നും ഇഡി പറഞ്ഞു. ഇവര്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം തന്നെ യുഎഇയില്‍ സൃഷ്ടിച്ചിരുന്നു.
അടുത്തിടെ റായ്പൂര്‍, ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളില്‍ ഏജന്‍സി നടത്തിയ പരിശോധനയില്‍ 417 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. വിദേശത്തും ഇഡി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം റായ്പൂരിലെ പ്രത്യേക കോടതി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഇഡി കഴിഞ്ഞ മാസം ഛത്തീസ്ഗഡില്‍ തിരച്ചില്‍ നടത്തുകയും വാതുവയ്പ്പ് സംഘത്തിന്റെ മുഖ്യ ബന്ധു ഉള്‍പ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് യുഎഇയിലെ ഒരു കേന്ദ്ര ഹെഡ് ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. 70:30 ശതമാനം ലാഭാനുപാതത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഫ്രാഞ്ചൈസികളും അനുവദിച്ചിരുന്നു.
യോഗേഷ് പോപ്പാട്ടിന്റെ ഉടമസ്ഥതയിലുള്ള ആര്-1 ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല ചാനല്‍ വഴി കൈമാറിയെന്നും 42 കോടി രൂപ ചെലവ് വരുന്ന ഹോട്ടല്‍ ബുക്കിങുകള്‍ക്ക് റൊക്കം പണം നല്‍കിയെന്നും ഇഡി കണ്ടെത്തി. ധീരജ് അഹൂജയുടെയും വിശാല്‍ അഹൂജയുടെയും ഭോപ്പാലിലെ റാപ്പിഡ് ട്രാവല്സിലും ഇഡി പരിശോധന നടത്തി. മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാര്‍, കുടുംബം, ബിസിനസ്സ് അസോസിയേറ്റ്സ്, സെലിബ്രിറ്റികള്‍ എന്നിവരുടെ മുഴുവന്‍ യാത്രകളുടെയും ഉത്തരവാദിത്തം ഈ സ്ഥാപനത്തിനായിരുന്നു. സെപ്തംബര്‍ മാസത്തില്‍ യുഎഇയില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക താരനിബിഡ പരിപാടികള്‍ ഉള്‍പ്പെടെ മഹാദേവ് ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികള്‍ക്കും യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് റാപ്പിഡ് ട്രാവല്‍സ് ആണെന്നും ഇഡി വെളിപ്പെടുത്തി.
മഹാദേവ് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാനികളെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള വികാഷ് ഛപാരിയയാണ് മഹാദേവ് ആപ്പിന്റെ ഹവാലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തി. ഇയാളുടെ പ്രധാന കൂട്ടാളി ഗോവിന്ദ് കുമാര്‍ കെഡിയയുടേത് ഉള്‍പ്പെടെ നിരവധി പേരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു.