മണലാരണ്യത്തിന്റെ ഇതിഹാസമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ. സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം. നൂറ് തികയുന്ന 2071ൽ രാജ്യം എങ്ങനെയാകണമെന്ന ചിത്രം ഇപ്പോഴേ ആലോചിക്കുന്ന യുഎഇക്കു പക്ഷേ, പൈതൃകം വിട്ടൊരു കളിയില്ല. എണ്ണ കയറ്റുമതിയെന്ന ഒറ്റ വരുമാനമാർഗം കൊണ്ട് പിടിച്ചുനിൽക്കുന്ന പഴയ യുഎഇയല്ല, വമ്പൻ രാജ്യങ്ങൾക്കു മാത്രം സാധ്യമായ ചാന്ദ്രദൗത്യം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ സ്വന്തം പേരിലെഴുതിയ രാജ്യാന്തരശക്തിയാണ് യുഎഇ.