“കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി സിയാൽ മാറും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. ജൂലൈ 29-ന് സിയാലിൽ പുതിയ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും.
ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ സജ്ജമായിക്കഴിഞ്ഞു.