ബഹ്റെെൻ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ കുതിരയോട്ട മത്സരത്തിൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 160 കിലോ മീറ്റർ 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സിൽ ഹമദ് രാജാവിന്റെ പ്രതിനിധിയും കൂടിയായ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വിജയം നേടിയത്.
അബുദാബിയിൽ നടന്ന ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിലും ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വിജയിച്ചിരുന്നു. ഡാർക്കോ ലാ മജോറി എന്ന കുതിരയെയാണ് ഇദ്ദേഹം ഓടിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വലിയ പിന്തുണയാണ് നൽകിയത്. ഇതാണ് വലിയ വിജയം കരസ്ഥമാക്കാൻ സഹായിച്ചതെന്നും തന്റെ നന്ദി അവരെ അറിയിക്കുന്നുവെന്നും ഷെയ്ഖ് നാസിർ പറഞ്ഞു.
പുതിയ വിജയം ബഹ്‌റൈനിലെ കായികരംഗത്തിന് പ്രചോദകമാകും. കൂടുതൽ പേർ ഇത്തരത്തിലുള്ള പരിപാടിയിലേക്ക് എത്തും. രാജ്യം കൂടുതൽ പുരോഗതിയിൽ എത്തും എന്നാണ് കരുതുന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്കും ഷെയ്ഖ് നാസിർ നന്ദി അറിയിച്ചു.
റോയൽ എൻഡ്യൂറൻസ് ടീമിലെ മുഹമ്മദ് അൽ-ഹാഷിമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, അൽജീരിയ, ഫ്രാൻസ്, ഓസ്ട്രിയ, റുമേനിയ, ആസ്‌ട്രേലിയ, ചൈനീസ് തായിപേയി, സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്‌സ്, പോർചുഗൽ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള കുതിരയോട്ടക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഷെയ്ഖ് നാസറിന് രാജ്യത്തെ നിരവധി ഭാഗത്ത് നിന്നും അഭിന്ദനം എത്തിക്കൊണ്ടിരിക്കുകയാണ്. ആഹ്ലാദവും സന്തോഷവും കൂടെ കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ വാരിക്കൂട്ടാൻ കഴിയട്ടെ എന്നാണ് എല്ലാവരും ആശംസകൾ അറിയിച്ചിരിക്കുന്നത്.