Gulf

ആവേശമായി സൂഖ് വാഖിഫിലെ ആദ്യ ഇന്ത്യന്‍ മാമ്പഴ മേള; വിറ്റുപോയത് 1269 ക്വിന്റല്‍ മാങ്ങകള്‍

Published

on

ദോഹ: ഖത്തറിലെ പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ‘ഇന്ത്യന്‍ ഹംബ’യ്ക്ക് ലഭിച്ചത് മധുരം നിറഞ്ഞ സ്വീകരണം. ജൂണ്‍ എട്ടിന് സമാപിച്ച 10 ദിവസത്തെ മാമ്പഴ മേളയില്‍ ആകെ 1269.35 ക്വിന്റല്‍ മാമ്പഴം വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെയായിരുന്നു പ്രദര്‍ശനം. സൂഖ് വാഖിഫും ഖത്തറിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

അല്‍ഫോന്‍സാ, ബംഗനപ്പള്ളി, നീലം, മാല്‍ഗോവ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴ ഇനങ്ങളുമായി 60 കമ്പനികള്‍ മാമ്പഴ മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഹംബ മാംഗോ ഫെസ്റ്റിവലിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ചതെന്ന് ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഈ എക്‌സിബിഷനില്‍ ഞങ്ങള്‍ മികച്ച വിജയം കൈവരിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.’- അദ്ദേഹം ഖത്തര്‍ ടിവിയോട് പറഞ്ഞു.

പത്തുദിവസം നാണ്ട ഉത്സവത്തിന്റെ ആദ്യ ദിവസം തന്നെ 8,500 കിലോ മാമ്പഴങ്ങളാണ് വില്‍പ്പന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച വില്‍പ്പന നടന്നു. അവസാന രണ്ടു ദിവസങ്ങളില്‍ വില്‍പ്പന 13,000ത്തിനു മുകളിലായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികള്‍ക്ക് പുറമെ, സ്വദേശികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മാമ്പഴ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ മേളയിലെത്തി. വൈവിധ്യമാര്‍ന്ന മാമ്പഴ രുചികള്‍ അറിയാനും വാങ്ങാനുമായി ഓരോ ദിനവും ആയിരങ്ങളാണ് മേളയിലെത്തിയത്. നൂറിലേറെ ഔട്ട്ലെറ്റുകള്‍ മേളയില്‍ പങ്കാളികളായി. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളായ ലുലു, സഫാരി, ഗ്രാന്‍ഡ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളും മേളയില്‍ സജീവമായിരുന്നു. ഇന്ത്യയില്‍ നിന്നും മാമ്പഴങ്ങളെത്തിക്കാന്‍ ഖത്തര്‍ എയര്‍വേസ് കാര്‍ഗോ പ്രത്യേക ഇളവുകളും നല്‍കിയിരുന്നു. സൂഖ് വാഖിഫില്‍ ആദ്യമായൊരുക്കിയ മാമ്പഴമേള വന്‍ വിജയമായ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നാണ് മാമ്പഴ പ്രേമികളുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version