റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയില്‍ നിയമലംഘകരായി രാജ്യത്ത് കഴിയുന്ന 18,538 വിദേശികള്‍ അറസ്റ്റില്‍. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സൗദി സുരക്ഷാ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
താമസ നിയമങ്ങള്‍ ലംഘിച്ചതിന് 11,047 പേരാണ് അറസ്റ്റിലായത്. 4,299 പേരെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും 3,192 പേരെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 851 പേരില്‍ 40 ശതമാനം യെമനികളും 59 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദിയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 55 പേരെ കൂടി പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ആറുപേരെ കസ്റ്റഡിയിലെടുത്തു.
പിടിക്കപ്പെട്ടവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. നേരത്തെ അറസ്റ്റിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ 47,977 നിയമലംഘകരുടെ പാസ്‌പോര്‍ട്ടും യാത്രാരേഖകളും ലഭിക്കുന്നതിനായി അധികാരികള്‍ അതത് നയതന്ത്ര കാര്യാലയങ്ങളെ സമീപിച്ചിട്ടുണ്ട്. യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ 1,892 പേരുടെ വിവരങ്ങള്‍ കൈമാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,927 പേരെ നാടുകടത്തുകയും ചെയ്തു.
അനധികൃതമായ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് യാത്രാസൗകര്യവും താമസവും ഒരുക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരം സഹായം ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ വാഹനങ്ങളും വസ്തുവകകളും ജപ്തിചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ് മേഖലകളില്‍ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996ലും റിപ്പോര്‍ട്ട് ചെയ്യാം.