റിയാദ്: സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 17,376 പേര്‍. താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായി നിയമ ലംഘനം നടത്തിയവരെയാണ് പിടികൂടിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താമസ നിയമങ്ങൾ ലംഘിച്ചതിന് 10,689 പേർ, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,894 പേർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,793 പേരെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് 722 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 34 ശതമാനം യെമനികളും 63 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 74 പേർ കൂടി പിടിയിലായിട്ടുണ്ട്. നിയമലംഘകരെ കടത്തുകയും അഭയം നൽകുകയും ചെയ്തതിന് 17 പേരെ കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.