Gulf

2023ല്‍ സൗദിയില്‍ 170 പേരുടെ തലവെട്ടി; ഡിസംബറില്‍ മാത്രം 38 പേരെ വധിച്ചു

Published

on

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 170 പേരുടെ വധശിക്ഷ നടപ്പാക്കി. 2023ല്‍ ഡിസംബറില്‍ മാത്രം 38 കുറ്റവാളികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനകളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടന്ന മാസമാണ് ഡിസംബര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടന്നത്. തബൂക്കില്‍ രണ്ടു പേരുടെയും റിയാദിലും ജിസാനിലും ഓരോരുത്തരുടേയും തലവെട്ടി. നാലു പേരും സൗദി പൗരന്‍മാരും കൊലക്കേസ് പ്രതികളുമാണ്.

2023ല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് 33 പേരാണ് വധശിക്ഷയ്ക്ക് ഇരയായത്. രണ്ട് സൈനികരെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. 2014 ശേഷം ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യക്കാരെ വധിക്കുന്നത്. സൗദി പൗരനെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ മംഗലാപുരം സ്വദേശി സമദ് സാലിഹ് ഹസന്റെ ശിക്ഷയാണ് ഡിസംബര്‍ 28ന് അവസാനമായി നടപ്പാക്കിയത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി സമീപത്തെ വീട്ടിലെ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ കാണാനെത്തിയപ്പോള്‍ പണവും സ്വര്‍ണവും മോഷ്ടിക്കുകയും തടയാന്‍ ശ്രമിച്ച വൃദ്ധനായ സൗദി പൗരനെ വായില്‍ തുണിതിരുകി കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് വൃദ്ധന്‍ മരണപ്പെട്ടിരുന്നു. 11 വര്‍ഷം മുമ്പായിരുന്നു സംഭവം.

പോയ വര്‍ഷം തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ സ്വദേശികളെ ദമ്മാമില്‍ വച്ച് തലവെട്ടി. രണ്ടു പേര്‍ക്കെതിരേ കൊലപാതകവും ഒരാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കുറ്റവുമാണ് തെളിയിക്കപ്പെട്ടത്. സ്വന്തം നാട്ടുകാരനെ വധിച്ച കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ വധശിക്ഷയും നടപ്പാക്കി.

സൗദി ജയിലുകളില്‍ വിവിധ കേസുകളിലായി രണ്ടായിരത്തോളം ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നാണ് എംബസി അധികൃതരുടെ കണക്ക്. മയക്കുമരുന്ന് കേസുകളാണ് കൂടുതല്‍. കൊലപാതകം, മോഷണം, ബലാത്സംഗം തുടങ്ങിയ കേസുകളിലും ഇന്ത്യക്കാര്‍ പ്രതികളാണ്. കടുത്ത ശിക്ഷ ലഭിക്കുമെന്ന് അറിഞ്ഞിട്ടും കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായ് എംബസി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാരും നിരവധിയാണ്. അല്‍ഹസ ജയിലില്‍ അഞ്ചും റിയാദ് ജയിലില്‍ ഒരു ഇന്ത്യക്കാരനുമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം ആഴ്ചയില്‍ ശരാശരി നാല് പേരെ സൗദി അറേബ്യ വധിച്ചു.
മയക്കുമരുന്ന് കള്ളക്കടത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനായ ഒരു പാകിസ്ഥാനിയും ഇതില്‍ ഉള്‍പ്പെടുന്നു. 2022ല്‍ ലോകത്ത് നടന്ന ആകെ വധശിക്ഷകളില്‍ 90 ശതമാവും സൗദി, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ്.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള വധശിക്ഷ വിരുദ്ധ സംഘടനയായ റിപ്രൈവിന്റെയും 2023 ല്‍ യൂറോപ്യന്‍-സൗദിയുടെയും സംയുക്ത റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തില്‍ വന്ന ശേഷം സൗദിയില്‍ ആയിരത്തിലധികം വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. വധശിക്ഷയ്ക്ക് പകരം ജയില്‍ശിക്ഷ മതിയെന്ന് വാദിക്കുന്ന എന്‍ജിഒകള്‍ സൗദിയുടെ നടപടികളെ വിമര്‍ശിക്കുന്നു. എന്നാല്‍ വധശിക്ഷകള്‍ പൊതുക്രമം നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും ശരീഅത്ത് നിയമപ്രകാരമാണ് വിധികള്‍ നടപ്പാക്കുന്നതെന്നുമാണ് സൗദി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version