അബുദബി: ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ പ്രതിവർഷം 15 ശതമാനം അധിക മഴ ലഭിക്കുന്നതായി റിപ്പോർട്ട്. ക്ലൈമറ്റ് ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ക്ലൗഡ് സീഡിംഗിലൂടെ ഓരോ വർഷവും 16.8 കോടി മുതൽ 83.8 കോടി വരെ ക്യുബിക് മീറ്റർ അധിക മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇതിൽ ഉപയോഗിക്കാനാവുന്ന ജലത്തിന്റെ അളവ് 8.4 കോടി മുതൽ 41.9 കോടി ക്യുബിക് മീറ്റർ വരെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ലൗഡ് സീഡിംഗ് മെച്ചപ്പെടുത്തുന്നതിനായി രാജ്യം അന്താരാഷ്ട്ര സംഘടനകളുമായും ഈ മേഖലയിലെ വിദഗ്ധരുമായും സഹകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. ഉപ്പും പൊട്ടാസ്യവും മഗ്‌നീഷ്യവും സോളിഡ് കാര്‍ബൺ ഡയോക്സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്.
ഓരോ ദൗത്യത്തിനും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തിലുളള മേഘങ്ങളെ നിരീക്ഷിച്ച് പഠിച്ചാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്.