റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 141 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് ഡിസംബറില്‍ ഇത്രയും പേര്‍ പിടിക്കപ്പെട്ടത്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) യാണ് നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പല്‍-റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് പിടിക്കപ്പെട്ടത്.
അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ഡിസംബറില്‍ 1,481 പരിശോധനകള്‍ നടത്തുകയും 207 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 141 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരവും അഡ്മിനിസ്ട്രേറ്റീവ് നിയമപ്രകാരവും നടപടികള്‍ ആരംഭിച്ചതായി അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.
കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. അറസ്റ്റിലായവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടയച്ചു.