സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ കമ്പനി ശ്രമിച്ചതായി അബുദാബി മിസ്ഡിമെനർ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി. കേസ് അന്വേഷണത്തിനായി അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
തൊഴിലാളികളായി തിരഞ്ഞെടുത്തവർക്ക് കമ്പനി വർക്ക് പെർമിറ്റ് നൽകുകയും യഥാർത്ഥ ജോലിയില്ലാതെ സാങ്കൽപ്പിക വേഷങ്ങളിൽ ജീവനക്കാരെ രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. സ്വകാര്യമേഖലയിലെ ജോലികളിൽ എമിറാത്തികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് കമ്പനികൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നഫീസ് പ്രോഗ്രാം ഈ സ്ഥാപനം ദുരുപയോഗം ചെയ്തു. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യുഎഇ പൗരന്മാർക്ക് തൊഴിൽ നൽകിയതായി കമ്പനി തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി, അബുദാബി പബ്ലിക് പ്രോസിക്യൂഷൻ കമ്പനിയെ യോഗ്യതയുള്ള കോടതിക്ക് വിടാൻ ഉത്തരവിട്ടു. കേസ് അവലോകനം ചെയ്ത ശേഷം, എമിറേറ്റൈസേഷൻ നയങ്ങൾ പാലിക്കാത്തതിനും സാങ്കൽപ്പിക തൊഴിൽ രീതികളിൽ ഏർപ്പെട്ടതിനും കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയും ചെയ്തു.