അബുദാബി: യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ 54 കാരനായ ഇന്ത്യന്‍ പ്രവാസിക്ക് 50,000 ദിര്‍ഹം (11,23,704 രൂപ). മുംബൈയില്‍ നിന്നുള്ള നസീം അജാസ് ഷെയ്ഖാണ് ഏറ്റവും പുതിയ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ വിജയിയായത്.
2008ല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട തനിക്കും കുടുംബത്തിനും വലിയ ആശ്വാസമാണിതെന്ന് നസീം പറയുന്നു. യുഎഇയില്‍ സാമ്പത്തികമായി സ്ഥിരത നേടിയ ശേഷം, ഭവന വായ്പയില്‍ മുംബൈയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയെന്നും ഇതിന്റെ ശേഷിക്കുന്ന വായ്പാതുക അടയ്ക്കാന്‍ ഈ പണം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോര്‍കീപ്പറായാണ് നസീം യുഎഇയില്‍ ജോലി ആരംഭിച്ചത്. ഇപ്പോള്‍ സ്റ്റോര്‍ സൂപ്പര്‍വൈസറാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട രണ്ട് ദിവസത്തെ തകര്‍ച്ച തങ്ങള്‍ക്ക് ഹൃദയഭേദകമായ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയ പ്രഹരമാണ് ഇത് കുടുംബത്തിനുണ്ടാക്കിയത്. പിന്നീട് കഠിനാധ്വാനം ചെയ്ത് കരപറ്റുകയായിരുന്നു.
50,000 ദിര്‍ഹം വിജയം തനിക്ക് ഒരു വലിയ അനുഗ്രഹമാണെന്ന് നസീം പറഞ്ഞു. ശേഷിക്കുന്ന ഭവന വായ്പ പൂര്‍ണമായും ഇതിലൂടെ അടയ്ക്കാം. എന്റെ തോളില്‍ നിന്ന് ഒരു വലിയ ഭാരമാണ് നീങ്ങിയത്. എന്റെ ആശങ്കകള്‍ കുറയ്ക്കാനും എന്റെ പ്രായമായ മാതാവിനൊപ്പം കഴിയാന്‍ നേരത്തെയുള്ള വിരമിക്കല്‍ പരിഗണിക്കാനും ഇത് എനിക്ക് അവസരം നല്‍കും-നസീം പറഞ്ഞു.
നസീമിനൊപ്പം യുഎഇ പൗരന്‍ മാജിദ് സുല്‍ത്താന്‍ ഇബ്രാഹിം 25,000 ദിര്‍ഹം (561,852 രൂപ) നേടി. ആഴ്ചകള്‍ക്ക് മുമ്പ് എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് പ്രതിമാസം 25,000 ദിര്‍ഹം വീതം ലഭിക്കുന്ന സമ്മാനത്തിന് അര്‍ഹനായിരുന്നു. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആദില്‍ ഖാന്‍ എന്ന ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയാണ് ഈ ഭാഗ്യവാന്‍.