Gulf

സൗദിയില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ 1000 റിയാല്‍ പിഴ

Published

on

റിയാദ്: നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും പൊതുവായ കാഴ്ചയ്ക്ക് അംഭിയുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സഊദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ്, ഹൗസിങ് മന്ത്രാലയം പുതിയ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. നിയമത്തിന്റെ കരട് രേഖ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. പൊതുജനാഭിപ്രായം തേടിയ ശേഷം ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം അറിയിച്ചു.

താമസകെട്ടിടങ്ങളുടെയും മറ്റും ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ 200 റിയാല്‍ മുതല്‍ 1000 റിയാല്‍ പിഴ ചുമത്തുമെന്ന് നിയമത്തില്‍ പറയുന്നു. കെട്ടിടത്തിന്റെ ഉടമയില്‍ നിന്നാണ് പിഴ ഈടാക്കുക. പുറമേ നിന്ന് കാണുന്ന ബാല്‍ക്കണി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വീട്ടുപകരണങ്ങളോ ഉപയോഗശൂന്യമായ വസ്തുക്കളോ കൂട്ടിയിടരുത്. കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തില്‍ ഹാംഗറുകളോ മറ്റു വസ്തുക്കളോ വെക്കരുതെന്നും നിര്‍ദേശമുണ്ട്.

കെട്ടിടത്തിന്റെ സീലിങ്, ചുമരുകള്‍ തുടങ്ങി ആളുകള്‍ പുറമേ നിന്ന് കാണുന്ന ഭാഗങ്ങളില്‍ പ്ലാസ്റ്ററിങ് അടന്നുനില്‍ക്കുകയോ വിള്ളലുകള്‍ കാണുകയോ ചെയ്താലും കെട്ടിട ഉടയ്ക്ക് പിഴ ചുമത്തും. മുന്‍ഭാഗങ്ങളിലെ ലോഹ വസ്തുക്കളില്‍ തുരുമ്പ് ഉണ്ടാവരുത്. ഇലക്ട്രിക് വയറുകളും ഉപയോഗശൂന്യമായി തൂങ്ങിനില്‍ക്കാന്‍ പാടില്ല. കെട്ടിടത്തിന്റെ ബാല്‍ക്കണി മറച്ചുകെട്ടുകയാണെങ്കില്‍ വ്യവസ്ഥയിലധികം ഉയരം പാടില്ല. റോഡിന്റെ ഭാഗത്തേക്കുള്ള ബാല്‍ക്കണികളിലും മറ്റും അധികമായി മറച്ചുകെട്ടുകയാണെങ്കില്‍ ദൂരപരിധി ലംഘിക്കുന്ന വിധം പുറത്തേക്ക് തള്ളിനില്‍ക്കരുത്. ബാല്‍ക്കണിയില്‍ തണല്‍ ലഭിക്കുന്നതിനായി ഇത്തരം കുടകളോ ഹാംഗറുകളോ സ്ഥാപിക്കുമ്പോഴും ഇത് ബാധകമാണ്.

ബാല്‍ക്കണിയിലോ കെട്ടിടത്തിന്റെ മുന്‍ഭാഗങ്ങളിലോ സാറ്റലൈറ്റ് ഡിഷുകള്‍ പോലുള്ളവ സ്ഥാപിച്ചാലും പിഴ ചുമത്തും. വിവിധതരം നിയമലംഘനങ്ങളുടെ തോതനുസരിച്ച് 200 മുതല്‍ 10,000 റിയാല്‍ വരെയാണ് ശിക്ഷ. വാണിജ്യ കെട്ടിടങ്ങളുടെ ചുവരുകളില്‍ അനുയോജ്യമല്ലാത്ത തരത്തിലുള്ള എഴുത്തുകള്‍ പാടില്ല.

ഭിന്നശേഷിക്കാര്‍ക്ക് കെട്ടിടങ്ങളിലേക്ക് അനുയോജ്യമായ വഴികളും പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കണം. കെട്ടിടങ്ങളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് നടപ്പാതകളോ അനുയോജ്യമായ വഴിയോ ഉണ്ടായിരിക്കണം. വാണിജ്യ കെട്ടിടത്തിന്റെ മുന്‍വശത്ത് എക്സ്റ്റന്‍ഷന്‍ പ്രവൃത്തികള്‍ നടത്തുമ്പോഴും വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തും. നഗരങ്ങളുടെ പൊതുവിലുള്ള കാഴ്ച മെച്ചപ്പെടുത്തുന്നതിനും അപരിഷ്‌കൃതവും അഭംഗി സൃഷ്ടിക്കുന്നതുമായ കാര്യങ്ങള്‍ ഇല്ലാതാക്കാനുമാണ് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും കൊണ്ടുവന്നത്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ പിഴ ചുമത്തുന്ന നിയമം യുഎഇ നേരത്തേ നടപ്പാക്കിയിരുന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്ക് മുകളിലും പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. വിമാനങ്ങളില്‍ നിന്നും മറ്റും കാണുമ്പോള്‍ വന്‍കിട താമസകെട്ടിടങ്ങളിലെ ബാല്‍ക്കണിയും മേല്‍ക്കൂരയും വൃത്തിഹീനമായി കിടക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version