ഫോബ്സ് മാഗസിന്റെ 2025ലെ ടോപ്-100 ഇന്ത്യൻ അതിസമ്പന്ന പട്ടികയിൽ 105 ബില്യൻ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാംസ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാമത്, ആസ്തി 92 ബില്യൻ (8.10 ലക്ഷം കോടി രൂപ). വ്യക്തിഗത ആസ്തി 100 ബില്യൻ ഡോളറിനു മുകളിലുള്ള ഏക ഇന്ത്യക്കാരനും മുകേഷ് അംബാനിയാണ്.
ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാംസ്ഥാനത്ത് (40.2 ബില്യൻ). ഭാരതി എന്റർപ്രൈസസ് മേധാവി സുനിൽ മിത്തലും കുടുംബവും 34.2 ബില്യനുമായി നാലാംസ്ഥാനത്തുണ്ട്. എച്ച്സിഎൽ ടെക് സ്ഥാപകൻ ശിവ് നാടാർ (33.2 ബില്യൻ), ഡിമാർട് റീട്ടെയ്ൽ ശൃംഖലയുടെ ചെയർമാൻ രാധാകിഷൻ ദമാനിയും കുടുംബവും (28.2 ബില്യൻ), സൺ ഫാർമ മേധാവി ദിലിപ് സാംഘ്‍വിയും കുടുംബവും (26.3 ബില്യൻ), ബജാജ് കുടുംബം (21.8 ബില്യൻ), സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല (21.4 ബില്യൻ), ആദിത്യ ബിർള ഗ്രൂപ്പ് സാരഥി കുമാർ മംഗളം ബിർള (20.7 ബില്യൻ) എന്നിവരാണ് യഥാക്രമം ടോപ്-10ലുള്ള മറ്റുള്ളവർ.
മലയാളികളിൽ വ്യക്തിഗത ആസ്തിയിൽ ഏറ്റവും മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. പട്ടികയിൽ 49-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 5.85 ബില്യൻ ഡോളർ (ഏകദേശം 51,400 കോടി രൂപ). അതേസമയം, കുടുംബങ്ങളെയും പരിഗണിച്ചാൽ മുന്നിൽ 23-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ് (ആസ്തി 10.4 ബില്യൻ).
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് 5.3 ബില്യൻ ഡോളറുമായി 54-ാം സ്ഥാനത്തുണ്ട്. ആർ.പി ഗ്രൂപ്പ് സാരഥി രവി പിള്ള 4.1 ബില്യനുമായി 73-ാം സ്ഥാനത്താണ്. ജെംസ് എജ്യുക്കേഷന്റെ മേധാവി സണ്ണി വർക്കി 78-ാമതും (4 ബില്യൻ) ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ 84-ാമതുമാണ് (3.7 ബില്യൻ). ശോഭ ഡവലപ്പേഴ്സിന്റെ സ്ഥാപകൻ പിഎൻസി മേനോൻ 3.6 ബില്യൻ ഡോളറുമായി പട്ടികയിൽ ഇടംപിടിച്ചു, 87-ാം സ്ഥാനത്താണ് അദ്ദേഹം. കല്യാൺ ജ്വല്ലേഴ്സ് സാരഥി ടി.എസ്. കല്യാണരാമൻ 3.25 ബില്യനുമായി 98-ാം സ്ഥാനത്തുണ്ട്.