ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമാകാന്‍ വളരെ സാധ്യത കുറഞ്ഞ സ്വപ്‌നമാണെങ്കിലും, അത്തരം ഒന്ന് ചിന്തിച്ചെടുക്കാന്‍ സാധിക്കുന്ന ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ്, വിചിത്ര സ്വപ്‌നങ്ങളുടെ തമ്പുരാനായ മസക്.
ചൊവ്വാ വാസത്തിനായി ചെറിയ താഴികക്കുടങ്ങളുടെ (dome) ആകൃതിയിലുള്ള പാര്‍പ്പിങ്ങളാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ പ്ലാന്‍ വരയ്ക്കുന്ന തിരക്കിലാണ് മസ്‌കിന്റെ ഒരു ടീം. മറ്റൊരു സംഘമാകട്ടെ ചൊവ്വായിലെ നിഷ്ഠുരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള സ്‌പെയ്‌സ് സൂട്ടുകള്‍ഉണ്ടാക്കിയെടുക്കുന്നതിനായി യത്‌നിക്കുന്നു. മെഡിക്കല്‍ ടീം പഠിച്ചുകൊണ്ടിരിക്കുന്നത് ചൊവ്വായില്‍ മനുഷ്യര്‍ക്ക് കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന കാര്യമാണ്. ഈ പരീക്ഷണങ്ങള്‍ക്കായി തന്റെ ബീജം വരെ മസ്‌ക് പരീക്ഷണത്തിനായി നല്‍കിയെന്നു പോലും അവകാശവാദങ്ങളുണ്ട്.
ഭൂമിക്ക് വല്ലതും സംഭവിച്ചാല്‍ മനുഷ്യരാശിക്ക് എന്തു സംഭവിക്കും എന്നതാണ് ഇപ്പോള്‍ 270 ബില്ല്യന്‍ ഡോളര്‍ ആസ്തിയുളള കോടീശ്വരനെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഉദാഹരണത്തിന്, 2037ല്‍ ഭൂമിക്കു നേരെ പാഞ്ഞുവരാന്‍ 72 ശതമാനം സാധ്യതയുണ്ടെന്നു കരുതുന്ന ഛിന്നഗ്രഹം അപകടകരമായരീതിയില്‍ വലിപ്പമുള്ളതാണെങ്കില്‍, അത് തകര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭൂമിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ചന്ദ്രനിൽ മനുഷ്യർ ഇറങ്ങിയ ഭാഗത്തെ കുഴി വെറും കുഴിയല്ല! വമ്പൻ ഭൂഗർഭ അറ, 14 ടെന്നിസ് കോർട്ടുകളുടെ വലുപ്പം!
ഏകദേശം 180 കിലോമീറ്റര്‍ വ്യാസവും, 20 കിലോമീറ്റര്‍ ആഴവും ഉള്ള അസ്‌റ്റെറോയിഡ് ഭൂമിയില്‍ ഇടിച്ചതു മൂലമാണ് ആ കാലത്ത് ഭൂമിയെ അടക്കിവാണ ദിനോസറുകള്‍ക്ക് വംശനാശം നേരിട്ടതെന്നുള്ള നിഗമനം ഓര്‍ക്കുക. അല്ലെങ്കില്‍ കോവിഡിനേക്കാള്‍ വലിയ മഹാമാരികള്‍ വരാം. കാലാവസ്ഥാ വ്യതിയാനവും ആണവ യുദ്ധവും ഒക്കെ മനുഷ്യരാശിയുടെ അന്ത്യത്തിനു കാരണമാകാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രശ്‌നകാരിയാകാം. ഇവയില്‍ ഒന്നിലേറെ പ്രശ്‌നങ്ങള്‍ ഒരുമിച്ചും വരാം. പരിണാമ പ്രക്രിയയില്‍ ഇത്രയധികം പുരോഗമിച്ച ജീവികളായ മനുഷ്യര്‍ക്ക് വംശനാശം വരാതിരിക്കാനായി മറ്റൊരു ഗ്രഹത്തില്‍ പാര്‍പ്പിടം ഒരുക്കാനാണ് മസ്‌ക് ശ്രമിക്കുന്നത്.
ചൊവ്വാ വാസത്തിനുള്ള ശ്രമം ത്വരിതപ്പെടുത്താനുള്ള കാരണങ്ങളിലൊന്ന് മസ്‌കിന് 53 വയസ് ആയി എന്നതാണ് എന്ന് ചിലര്‍ നിരീക്ഷിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ സ്വപ്‌നം അദ്ദേഹത്തിന്റെ ജീവിതകാലത്ത് പൂവണിയാനുള്ള സാധ്യത പല വിദഗ്ധരും തള്ളിക്കളയുന്നു. ആരൊക്കെ എന്തൊക്കെ തളളിയാലും മസ്‌ക് തന്റെ ഉദ്യമത്തില്‍ മുന്നോട്ടു തന്നെയാണ്.