വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കപ്പല്‍ഗതാഗത വ്യവസായ രംഗത്ത് വലിയ കുതിപ്പാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം വഴി ദുബായ് പോലെയോ സിംഗപ്പൂർ പോലെയോ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന തീരമായി മാറുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം ഉള്‍പ്പെടേയുള്ള തുറമുഖങ്ങളുമായി ഇന്ത്യ സജീവമായതോടെ കൂടുതല്‍ കപ്പല്‍ കമ്പനികളും രാജ്യത്തെ തുറമുഖങ്ങളിലേക്ക് സർവ്വീസ് നടത്താനുള്ള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഖത്തരി നാവിഗേഷൻ കമ്പനിയുമായി (മിലാഹ) അഫിലിയേറ്റ് ചെയ്‌ത “മിലാഹ ഗൾഫ് എക്‌സ്‌പ്രസ് 2” ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് സർവീസായി ആരംഭിക്കുന്നതായി സൗദി തുറമുഖ അതോറിറ്റി (മവാനി) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ സേവനം സൗദി അറേബ്യയെ ചൈനയുടെയും ഇന്ത്യയുടെയും തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം.
മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിൽ കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. തുറമുഖത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഷിപ്പിംഗ് ഏജന്റുമാർക്കുമുള്ള മത്സരക്ഷമത വർധിപ്പിക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മിലാഹ ഗൾഫ് എക്‌സ്പ്രസ് 2 സൗദി തുറമുഖ അതോറിറ്റിയിലേക്ക് സേവനം വ്യാപിപ്പിക്കുന്നത് തുറമുഖ വ്യാപര രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് കാരണമായേക്കുമെന്നും സൗദി കണക്ക് കൂട്ടുന്നു. 105 ദശലക്ഷം ടൺ വരെ സാധനങ്ങളും കണ്ടെയ്നറുകളും ഉൾക്കൊള്ളാൻ ശേഷിയുള്ള 43 പൂർണ്ണമായും സർവീസ് ചെയ്തതും മികച്ച രീതിയിൽ സജ്ജീകരിച്ചതുമായ ബർത്തുകളാണ് സൗദി തുറമുഖത്തിന്റെ സവിശേഷത.
80 ഇലക്ട്രിക് ട്രക്കുകൾ, കൂടാതെ നിരവധി പ്രത്യേക സ്റ്റേഷനുകൾ, വിവിധ തരം സാധനങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നൂതന, ആധുനിക ഉപകരണങ്ങൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
പുതിയ ഷിപ്പിംഗ് സർവീസ് കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ ചൈനയിലെ നിഗ്ബോ, ഷാങ്ഹായി, ഷേഖോയു എന്നിവയുൾപ്പെടെ ഏഴ് പ്രാദേശിക അന്തർദേശീയ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയിലേക്ക് വരികയാണെങ്കിലും മുംബൈയിലെ നവ ഷെവയും മുന്ദ്രയുമാണ് ഈ പട്ടികയിൽ വരുന്നത്.