ഓട്ടോണമസ് വാഹനം എന്ന പത്ത് വര്‍ഷം മുമ്പ് നല്കിയ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി ഇലോണ്‍ മസ്ക്. പൂര്‍ണമായും സ്വയം ഡ്രൈവ് ചെയ്യുന്ന സൈബര്‍ ക്യാബ് എന്ന പുതിയ കാര്‍ പുറത്തിറക്കിയിരിക്കുകയാണ് ടെസ്ല. 2027 ല്‍ ഇത് വിപണിയിലെത്തിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 7.30 ന് നടന്ന വീ റോബോട്ട് എന്ന പരിപാടിയിലാണ് ടെസ് ല സൈബര്‍ ക്യാബ് അവതരിപ്പിച്ചത്.
ടാക്സിയായി ഉപയോഗിക്കാനാവുന്ന ഈ വാഹനത്തിന് സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ല. അതായത് യാത്രക്കാര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം ഒട്ടുമുണ്ടാവില്ല. 30000 ഡോളറില്‍ താഴെ ആയിരിക്കും ഇതിന് വില. ഇന്‍ഡക്ടീവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വയര്‍ലെസ് ആയാണ് ഇതിന്റെ ചാര്‍ജിങ്. മനുഷ്യര്‍ ഓടിക്കുന്ന വാഹനത്തേക്കാള്‍ ഇത് 20 ഇരട്ടി സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒരു ചെറിയ ലോഞ്ചില്‍ ഇരിക്കുന്നത് പോലെ ഇരിക്കാമെന്നും ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നും പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയിട്ടുണ്ടാവുമെന്നും മസ്ക് പറയുന്നു.
ബാക്ക് ടു ദ ഫ്യൂച്ചര്‍’ സിനിമകളിലൂടെ പ്രശസ്തമായ ഡെലോറിന് കാറിനെ അനുസ്മരിപ്പിക്കുന്ന ഗള്‍വിംഗ് ഡോറുകളാണ് ഇതിന്. ഇതിനകം 50 കാറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവ അടുത്തവര്‍ഷത്തോടെ കാലിഫോര്‍ണിയയിലും ടെക്സാസിലും റോഡിലിറക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. അതേസമയം, കാറിന്റെ സുരക്ഷയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.