Gulf

സ്വദേശിവൽക്കരണം യു എ ഇയിലേ സ്കൂളുകളിലേക്കും;പ്രതിവർഷം 1000 സ്വദേശികളെ നിയമിക്കണം

Published

on

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. നിശ്ചിത തസ്തികകൾ സ്വദേശികൾക്കു മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ‘ അധ്യാപകർ ‘ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ നിയമിക്കാനാണ് പദ്ധതി.

4 ഘട്ടങ്ങളിലാണ് ഇതു പൂർത്തിയാക്കുക. കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്കു പുറമെ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

അതേസമയം, സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണത്തിന് സന്നദ്ധരായ സ്ഥാപനങ്ങളുടെ എണ്ണം 18,670 ആയി. 50ൽ അധികം വിദഗ്ധ ജീവനക്കാരുള്ള സ്ഥാപനങ്ങളാണിത്. കഴിഞ്ഞ ഡിസംബറിൽ നാഫിസിൽ റജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 34.4% വർധനയുണ്ട്.വർഷത്തിൽ 2% സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് സർക്കാർ നിർദേശം. ഇതു ലംഘിക്കുന്ന കമ്പനികളിൽ നിന്നു പ്രതിവർഷം രണ്ട് ഘട്ടമായാണ് പിഴ ഈടാക്കുക. സ്വദേശിവൽക്കരണത്തിന്റെ ഫലമായി കഴിഞ്ഞ ജൂലൈ വരെ 1.13 ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമനം നേടി.

ഇതിൽ 81,000 പേർ നാഫിസ് വഴി നിയമനം ലഭിച്ചവരാണ്. സ്വദേശികളെ നിയമിക്കുന്നതിൽ മികവ് പുലർത്തുന്ന കമ്പനികളെ മാനവവിഭവ മന്ത്രാലയത്തിലെ സ്വദേശിവൽകരണ ക്ലബ്ബിൽ ഉൾപ്പെടുത്തും. പ്രതിവർഷം 2% സ്വദേശികൾക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം നൽകുന്ന പ്രധാന ആനുകൂല്യങ്ങളിൽ ഒന്നാണിത്.

സർക്കാർ കേന്ദ്രീകൃത ടെൻഡറുകളിൽ കമ്പനികൾക്ക് മുൻഗണന ലഭിക്കും. മന്ത്രാലയ ക്ലബ്ബിൽ അംഗത്വം ലഭിക്കുന്നതോടെ ഇടപാടുകൾക്കുള്ള നിരക്കിൽ 80% വരെ ഇളവുണ്ടാകും. നാഫിസ് പദ്ധതികളിൽ തൊഴിലുടമകൾക്ക് ആനുകൂല്യങ്ങൾ നേടാനാകും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. സർക്കാർ സേവന സംരംഭങ്ങളിൽ ഇത്തരം കമ്പനികൾക്ക് നാഫിസ് വഴി പ്രാമുഖ്യം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version