Gulf

സ്കൂളുകൾ അടച്ചതോടെ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

Published

on

ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.

യുഎഇയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ഒരാൾക്കു പോയി വരാൻ 55,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത് 2.25 ലക്ഷത്തിലേറെ രൂപ നൽകണം. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയിൽ നിരക്ക് 3.8 ലക്ഷം മുതൽ 4.7 ലക്ഷം വരെയും.

വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിൽ സ്വകാര്യ, പൊതു എയർലൈനുകൾ മത്സരിക്കുകയാണ്. ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിൽ ജനുവരി 6ന് സ്കൂളുകൾ തുറക്കുന്നതിനാൽ നാട്ടിൽനിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കും വൻതോതിൽ ഉയർത്തിയിരിക്കുകയാണ്. ജനുവരി 20 വരെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽനിന്നും ഗൾഫിലേക്ക് യാത്ര ചെയ്യാനാകൂ.

സീസൺ സമയത്ത് യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 4000 മുതൽ 10,000 രൂപ വരെ അധികം നൽകണം. എന്നാൽ ഓഫ് പീക്ക് സമയത്ത് അബുദാബിയിൽനിന്ന് ചില എയർലൈനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

കണ്ണൂരിലേക്ക് യുഎഇയിൽനിന്ന് അധികം സർവീസില്ലാത്തതിനാൽ നിരക്ക് താരതമ്യേന കൂടുതലാണ്. നിലവിൽ ഇൻഡിഗോയ്ക്കും എയർഇന്ത്യ എക്‌സ്പ്രസിനുമാണ് പ്രതിദിന സർവീസുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version