Gulf

സന്ദർശക വിസയിലെത്തി കുടുങ്ങി പോയ വർക്കും പൊതുമാപ്പ്;യു എ ഇയിൽ ജനിച്ച് യാതൊരു രേഖകളുമില്ലാതെ ജീവിക്കുന്നവർക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം

Published

on

സന്ദര്‍ശക വിസയിലെത്തി അനധികൃത താമസക്കാരായവര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) അറിയിപ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. സെപ്തംബര്‍ ഒന്ന് ഞായറാഴ്ചയാണ് പൊതുമാപ്പ് ആരംഭിക്കുന്നത് .രണ്ട് മാസം നീണ്ടുനില്‍ക്കും.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ആര്‍ക്കും പ്രവേശ നിരോധം ഉണ്ടാകില്ല. അധിക താമസ പിഴയോ എക്‌സിറ്റ് ഫീയോ ഈടാക്കില്ല. പൊതുമാപ്പില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ വിസയില്‍ എപ്പോള്‍ വേണമെങ്കിലും യു എ ഇയിലേക്ക് മടങ്ങാം. സന്ദര്‍ശന വിസയിലെത്തി കുടുങ്ങിപ്പോയവര്‍, താമസ വിസ കാലഹരണപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാത്തരം ആളുകള്‍ക്കും പൊതുമാപ്പ് ലഭിക്കും. യു എ ഇയില്‍ ജനിച്ച് യാതൊരു രേഖകളുമില്ലാതെ ജീവിക്കുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അതാത് നയതന്ത്ര കാര്യാലയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. അവരുടെ പദവി ശരിയാക്കാനും കഴിയും. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. എന്നിരുന്നാലും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. സെപ്തംബര്‍ ഒന്നിന് വിസ കാലഹരണപ്പെടുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല. യു എ ഇയിലോ ഏതെങ്കിലും ജി സി സി രാജ്യത്തിലോ നാടുകടത്തല്‍ കേസുകളുള്ളവര്‍ക്കും സെപ്തംബർ ഒന്നിന് ശേഷം ഒളിവിൽ കഴിയുന്നവർക്കും പൊതുമാപ്പിന് അപേക്ഷിക്കാനാകില്ല.

പൊതുമാപ്പ് പരിപാടി ‘നിയമത്തോടുള്ള ബഹുമാനം, സഹിഷ്ണുത, അനുകമ്പ, സാമൂഹിക ഐക്യം’ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിസ, താമസ നിയമ ലംഘകർക്ക് അയവുള്ളതും എളുപ്പമുള്ളതുമായ നടപടിക്രമങ്ങളിലൂടെ അവരുടെ നില ശരിയാക്കാൻ ഇത് അവസരം നൽകുന്നു. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സുരക്ഷിതമായി
പുറത്തുകടക്കാനും കഴിയും. നിയമാനുസൃതമായി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും ഇത് അവരെ പ്രാപ്‌തരാക്കുന്നു. യു എ ഇയിൽ ജനിച്ച ഏതൊരു വിദേശിക്കും ജനനത്തീയതി മുതൽ നാല് മാസത്തിനുള്ളിൽ റെസിഡൻസി രജിസ്റ്റർ ചെയ്യാത്തവർക്കടക്കം പൊതുമാപ്പിന് അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version