സന്തോഷ് ട്രോഫി ഫുട്ബോളിൻെറ 2024 സീസണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ പൊരുതി ജയിച്ച് കേരളം. കടുത്ത ചെറുത്തുനിൽപ്പ് നടത്തിയ അസ്സമിനെതിരെയാണ് വിജയം. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അസ്സമിനെ മറികടന്നത്.
ഫൈനൽ റൌണ്ടിലെ ആദ്യമത്സരത്തിൽ തന്നെ വിജയം നേടാൻ സാധിച്ചത് കേരളത്തിൻെറ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. മധ്യനിര താരം അബ്ദു റഹീമാണ് മത്സരത്തിൽ കേരളത്തിനായി ഗോളടിച്ചത്. ഒന്നാം പകുതിയുടെ 19ാം മിനിറ്റിലാണ് ആദ്യഗോൾ വന്നത്. ഇടങ്കാലൻ ഷോട്ടിലൂടെ അബ്ദു റഹീം അസ്സം ഗോൾവല ചലിപ്പിക്കുകയായിരുന്നു.
ഒന്നാം പകുതി കേരളം 1-0ന് മുന്നിൽ നിൽക്കുമ്പോഴാണ് അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ടീം ലീഡുയർത്തി. 67ാം മിനിറ്റിൽ സജീഷ് ഇയാണ് കേരളത്തിനായി രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോളിൻെറ ലീഡെന്ന സന്തോഷം കേരളത്തിന് അധികനേരം നിലനിർത്താൻ സാധിച്ചില്ല. ദിപു മിർധയാണ് അസ്സമിന് വേണ്ടി ഗോളടിച്ചത്.
2-1ന് മുന്നിൽ നിന്നുവെങ്കിലും ഒന്നാം മത്സരത്തിൽ കേരളത്തിന് അത് പോരായിരുന്നു. മാത്രമല്ല അസ്സം സമനില പിടിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. ഒരു ഗോൾ കൂടി നേടി ലീഡ് ഉയർത്താനായിരുന്നു പിന്നീട് കേരളത്തിൻെറ ശ്രമം. ഒടുവിൽ ക്യാപ്റ്റൻ നിജോ ഗിൽബർട്ട് തന്നെ ടീമിനായി മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൻെറ അഞ്ചാം മിനിറ്റിലാണ് നിജോ അസ്സം വല കുലുക്കിയത്.
ഉദ്ഘാടന മത്സരത്തിൽ സർവീസസ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പ് എയിൽ കേരളത്തിന് പുറമെ അസ്സം, സർവീസസ്, മേഘാലയ, അരുണാചൽ പ്രദേശ്, ഗോവ എന്നീ ടീമുകളാണ് ഉള്ളത്.
നിലവിലെ ചാമ്പ്യൻമാരായ കർണാടക ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏഴ് തവണ സന്തോഷ് ട്രോഫി നേടിയിട്ടുള്ള കേരളം ഇത്തവണയും വിജയപ്രതീക്ഷയിലാണ്.