അലുമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് (ആസ്ക്) ഗുരുവായൂർ ഒരുക്കിയ ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന മെഗാ ഇവൻറ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു.
പ്രൗഢഗംഭീരമായ ചടങ്ങ് ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ വിജോയ് പി. എസ്. ഉദ്ഘാടനം ചെയ്തു . ആസ്ക് പ്രസിഡൻറ് സുനിൽ പി ഉണ്ണീരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി ജയകൃഷ്ണൻ ഏവർക്കും സ്വാഗതം പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, അക്കാഫ് ഭാരവാഹികളായ പ്രസിഡന്റ് ചാൾസ് പോൾ, സെക്രട്ടറി ബിജു വി. എസ്, ട്രെഷറർ ശ്രീ. ജൂഡിൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
ചടങ്ങിൽ വച്ച് ശ്രീ കൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ കമറൂദീൻ ആമയത്തിനെയും സിനി ആർട്ടിസ്റ്റ് ആശ മഠത്തിൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന പൂർവ്വ വിദ്യാർത്ഥിയുമായ കെ. വി. ഷംസുദ്ദീൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ വിദ്യർഥികളായ താലിബ്,അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആസ്ക് ട്രഷർ അർഷാദ് നന്ദി പറഞ്ഞു.
ചടങ്ങിൽ വെച്ച് യാബ് ലീഗൽ സർവീസസ് സൗജന്യ നിയമസഹായത്തിനായി ഒരുക്കിയ സ്റ്റാൾ സന്ദർശിച്ചവർക്കായുള്ള നറുക്കെടുപ്പിൽ വിജയിയായ ഇഖ്ബാലാന് ടി വി വേദിയിൽ വെച്ച് സമ്മാനിച്ചു.
ആസ്ക് പ്രസിദ്ധീകരിക്കുന്ന മാഗസിൻ്റെ കവർ പേജിൻ്റെ പ്രകാശനം എഡിറ്റർ ജമാൽ കൂനമ്മൂച്ചിയുടെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പൽ, കവി കമറുദ്ദീൻ ആമയത്തിനു നൽകിക്കൊണ്ട് നിർവഹിച്ചു.
തുടർന്ന് പ്രോഗ്രാം കൺവീനർ ഷക്കീർ ഹുസൈന്റെ നേതൃത്വത്തിൽ പ്രശസ്ത മലയാള സിനിമ പിന്നണി ഗായകർ ആയ അക്ബർ, വൈഷ്ണവ്, കൃതിക എന്നിവരുടെ ഗാന സന്ധ്യയും നടന്നു.
സീക് നടത്തിയ ചെണ്ടമേളം കാണികൾക്ക് ഹരം പകർന്നു. ആസ്ക് വനിതാ വിഭാഗം നടത്തിയ ഫ്ലാഷ് മോബ് നയനാനന്ദകരമായ ഒരു അനുഭവമായി.
ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന് പേരിട്ട ഈ പരിപാടിക്ക് ആയിരങ്ങൾ സാക്ഷിയായി.