ഈ വര്‍ഷത്തെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ അബൂദബിയിലെ അല്‍ വത്ബയില് അരങ്ങേറും. ഇതാദ്യമായി ആഴ്ച അടിസ്ഥാനത്തിലാണ് ഫെസ്റ്റിവലില്‍ പരിപാടികള്‍ നടത്തുന്നത്.
ആറായിരത്തിലേറെ ആഗോള സാംസ്കാരിക പരിപാടികളും 1000 പൊതു പ്രകടനങ്ങളും ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉണ്ടാവും. 27 രാജ്യങ്ങള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. യു.എ.ഇയുടെ ഐക്യം പ്രദർശിപ്പിക്കുന്ന യൂനിയന്‍ മാര്‍ച്ചാണ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്ന്.
ഇതിനു പുറമേ ആഴ്ചതോറുമുള്ള കരിമരുന്ന് പ്രകടനങ്ങളും മ്യൂസിക്കല്‍ ഫൗണ്ടെയ്നും സംഗീതനിശകളും മറ്റ് ഷോകളും വേദിയിലുണ്ടാവും. ആദ്യമായാണ് മ്യൂസിക്കല്‍ ഫൗണ്ടെയ്ന് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഫെസ്റ്റിവൽ എഡിഷനിൽ പുതുവര്‍ഷപ്പിറവിയുടെ ആഘോഷഭാഗമായി നടത്തിയ പരിപാടികള്‍ തകര്‍ത്തത് നാല് ലോകറെക്കോഡുകളാണ്. കരിമരുന്ന് പ്രകടനം, 60 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോ എന്നിവയാണ് ലോക റെക്കോഡുകളിട്ടത്.
കരിമരുന്ന് പ്രകടനം മാത്രം മൂന്ന് റെക്കോഡുകള്‍ സൃഷ്ടിച്ചപ്പോള്‍ 5000 ഡ്രോണുകള്‍ തീര്‍ത്ത ആകാശവിസ്മയം ഒരു ലോക റെക്കോഡ് തിരുത്തിയെഴുതി.
ഏറ്റവും വലിയ ആകാശ ലോഗോ എന്ന റെക്കോഡാണ് ഡ്രോണ്‍ ഷോയിലൂടെ സംഘാടകര്‍ സ്ഥാപിച്ചത്. കൂറ്റന്‍ പക്ഷിയുടെ രൂപമാണ് ഡ്രോണുകള്‍ ആകാശത്ത് വരച്ചത്. വലിപ്പം, സമയം, ആകൃതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് കരിമരുന്ന് പ്രകടനം ലോക റെക്കോഡിട്ടത്